ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപോരയില്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട തീവ്രവാദികളിലൊരാള്‍ ബിജെപി നേതാവ് വസീം ബാരിയെ വധിച്ചവരില്‍ ഒരാളാണ്. വത്‌റീന പ്രദേശത്ത് ഞായറാഴ്ചയാണ് സംഭവം. കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്ന് ആയുധങ്ങള്‍ അടക്കമുള്ളവയും സുരക്ഷാസേന പിടിച്ചെടുത്തു. 

പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തേക്കുറിച്ച് വിവരം ലഭിച്ചതിനേത്തുടര്‍ന്ന് സൈന്യവും പോലീസും ചേര്‍ന്ന് സംയുക്ത പരിശോധന നടത്തുകയായിരുന്നു. സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സൈന്യവും തിരിച്ചടിച്ചു. ഇതിനേ തുടര്‍ന്ന് രണ്ട് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി പോലീസ് പറഞ്ഞു. ബിജെപി നേതാവ് വസീം ബാരിയുടെ കൊലപാതകി ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നും പോലീസ് വ്യക്തമാക്കി.

ജൂലായിലാണ് ബന്ദിപോര ജില്ല ബി.ജെ.പി. അധ്യക്ഷനെയും രണ്ടു കുടുംബാംഗങ്ങളെയും ഭീകരര്‍ വെടിവെച്ചുകൊന്നത്. ബി.ജെ.പി. നേതാവ് വസീം അഹമ്മദ് ബാരി, പിതാവ് ബഷീര്‍ അഹമ്മദ്, സഹോദരന്‍ ഒമര്‍ ബാരി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ബാരിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കടയ്ക്കുള്ളില്‍ ഇവര്‍ മൂന്നുപേരുമിരിക്കുമ്പോള്‍ ഭീകരര്‍ പുറത്തുനിന്ന് നിറയൊഴിക്കുകയായിരുന്നു.

Conetnt Highlights: Terrorist involved in killing of Kashmir BJP leader slain in gunfight