ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനിലെ ദച്ചോവിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഭീകരരുടെ നീക്കത്തെ പോലീസും സൈന്യവും ശക്തമായി പ്രതിരോധിച്ചെന്നും തിരിച്ചടിച്ചെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സംഭവത്തെ തുടര്‍ന്ന് നാഗ്ബാല്‍ ഗ്രാമത്തിലെ ഇമാംസാഹിബ് പ്രദേശം സൈന്യം വളഞ്ഞു. ഭീകരരെ കണ്ടെത്താന്‍ മേഖലയില്‍ വ്യാപക തിരച്ചിലും പുരോഗമിക്കുകയാണ്.

പാക് ഭീകരകേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തതിന് പിന്നാലെ കശ്മീരിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ ഭീകരരും പാക് സൈന്യവും നിരന്തരം വെടിവെപ്പ് നടത്തിയിരുന്നു. ശനിയാഴ്ച രാവിലെ പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തില്‍ അമ്മയും രണ്ട് മക്കളും കൊല്ലപ്പെട്ടിരുന്നു. 

Content Highlights: terrorist attack against army camp in shopian jammu kashmir