ന്യൂഡല്‍ഹി: കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ കാലത്തെതിനെക്കാള്‍ ജമ്മു കശ്മീരില്‍നിന്നുള്ള ഭീകരവാദവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ മോദി സര്‍ക്കാരിന്റെ കാലത്ത് കുറവാണെന്ന് റിപ്പോര്‍ട്ട്. 

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നാലു വര്‍ഷത്തെയും മന്‍മോഹന്‍ സിങ് നേതൃത്വം നല്‍കിയ രണ്ടാം യു പി എ സര്‍ക്കാരിന്റെ നാലു വര്‍ഷത്തെയും ഇതു സംബന്ധിച്ച കണക്കുകള്‍ താരതമ്യം ചെയ്ത് എ എന്‍ ഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

2010-13 കാലയളവില്‍ 1218 ഭീകരവാദ സംബന്ധിയായ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ 2014-17 കാലയളവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 1094 ആണ്.

അതേസമയം ഏറ്റുമുട്ടലില്‍ വധിച്ച ഭീകരവാദികളുടെ എണ്ണം മോദി സര്‍ക്കാരിന്റെ കാലത്തേതാണ് കൂടുതല്‍. നാലു കൊല്ലത്തിനിടെ 580 ഭീകരവാദികളെയാണ് വധിച്ചത്. അതേസമയം 471 പേരെയാണ് യു പി എ കാലത്ത് ഏറ്റുമുട്ടലില്‍ വധിച്ചത്.

സംസ്ഥാനത്ത് കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണത്തിലും ആ സര്‍ക്കാരിന്റെ കാലത്ത് കുറവുണ്ട്. നൂറുപേരാണ് ഈ സര്‍ക്കാരിന്റെ കാലത്ത് കൊല്ലപ്പെട്ടത്. കഴിഞ്ഞ യു പി എ സര്‍ക്കാരിന്റെ നാലുവര്‍ഷത്തിനിടെ 108 പേരാണ് കൊല്ലപ്പെട്ടത്.