ഒസാക്ക: മനുഷ്യകുലത്തിന്റെ ഏറ്റവും വലിയ ഭീഷണി ഭീകരപ്രവർത്തനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാനിലെ ഒസാക്കയില്‍ നടക്കുന്ന ജി-20 ഉച്ചകോടിക്കിടെ നടന്ന ബ്രിക്‌സ് രാജ്യങ്ങളുടെ അനൗപചാരിക യോഗത്തിലാണ് പ്രധാനമന്ത്രി ഇങ്ങനെ പറഞ്ഞത്.

ഭീകരവാദം നിരപരാധികളുടെ ജീവന്‍ കവരുക മാത്രമല്ല. ഇത് സാമുദായിക ഐക്യത്തേയും സാമ്പത്തിക വികസനത്തേയും പ്രതികൂലമായി ബാധിക്കും. തീവ്രവാദത്തിനും വംശീയതക്കും പിന്തുണ നല്‍കുന്ന എല്ലാ ഇടപെടലുകളും നാം അവസാനിപ്പിക്കേണ്ടതുണ്ട്. ഭീകരതെക്കെതിരായ ആഗോള കൂട്ടായ്മ കാലത്തിന്റെ ആവശ്യമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ലോകം നേരിടുന്ന മൂന്ന് പ്രധാന വെല്ലുവിളികള്‍ക്ക് അഞ്ച് നിര്‍ദേശങ്ങളാണ് മോദി ബ്രിക്‌സ് യോഗത്തില്‍ വെച്ചത്. കാലവസ്ഥാ വ്യതിയാനത്തിന് പരിഹരമായി പുനരുപയോഗ ഊര്‍ജം ഉപയോഗിക്കണമെന്നും ആഗോള തലത്തില്‍ ഇതിനുള്ള ശ്രമങ്ങളും നിര്‍ദേശങ്ങളും ഉയര്‍ന്നുവരണമെന്നും മോദി ചര്‍ച്ചയില്‍ പറഞ്ഞു.

brics

ബ്രിക്‌സ് രാജ്യങ്ങളുടെ തലവന്‍മാരായ ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബൊള്‍സൊനാരോ, റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുതിന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ രാംഫോസ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മോദി ബ്രിക്‌സ് രാജ്യങ്ങളുടെ ചര്‍ച്ചയില്‍ പങ്കെടുത്തത്.

Content Highlights: Terrorism is biggest threat to humanity-PM Modi