പ്രതീകാത്മക ചിത്രം | Photo: PTI
ന്യൂഡല്‍ഹി: തീവ്രവാദ ഫണ്ടിങ് കേസുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ജമ്മു കശ്മീരിലെ 14 ജില്ലകളിലായി റെയ്ഡ് നടത്തി. ഏതാണ്ട് 40 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്ലാമിയിലെ ചില മുതിര്‍ന്ന അംഗങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലും തിരച്ചില്‍ നടത്തി. വിഘടനവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2019 ലാണ് ജമ്മുകശ്മീരില്‍ ജമാ അത്തെ ഇസ്ലാമി നിരോധിച്ചത്. അതിനുശേഷം സംഘടനയുടെ നേതാക്കളില്‍ പലരും അറസ്റ്റിലായിരുന്നു.
മേഖലയിലെ വിഘടനവാദികള്‍ക്കും ഭീകരവാദികള്‍ക്കുമെതിരേ എന്‍ഐഎ നടത്തിയ ശക്തമായ മുന്നേറ്റത്തിന്റെ ഭാഗമാണ് ഇന്നത്തെ റെയ്ഡുകള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ എന്‍ഐഎ നടത്തുന്ന മൂന്നാമത്തെ വലിയ ഓപ്പറേഷനാണിത്.
കിഷ്ത്വാര്‍, രംബന്‍, അനന്ത്‌നാഗ്, ബുഡ്ഗാം, രജൗരി, ദോഡ, ഷോപിയാന്‍ എന്നിവിടങ്ങളിലുടനീളം ജമ്മുകശ്മീര്‍ പോലീസിന്റെയും സിആര്‍പിഎഫിന്റെയും സഹായത്തോടെ റെയ്ഡുകള്‍ നടത്തി.
"നിരോധിത സംഘടനയിലെ അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംഭാവനകള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഈ ഫണ്ടുകള്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നത്", എൻഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജമാഅത്തെ ഇസ്ലാമി സമാഹരിക്കുന്ന ഫണ്ടുകള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ലഷ്‌കര്‍-ഇ-ത്വയ്ബ തുടങ്ങിയ നിരോധിക്കപ്പെട്ട ഭീകര സംഘടനകളിലേക്കും അവരുടെ ശൃംഖലകളിലേക്കും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നും എന്‍ഐഎ അറിയിച്ചു.
content highlights: Terror Funding Case, Multiple Raids In Jammu and kashmir
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..