ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പിന്മാറിയതിന് പിന്നാലെ ജമ്മു കശ്മീരിലും പ്രശ്‌നങ്ങള്‍ വര്‍ധിച്ചതായി സുരക്ഷാ ഏജന്‍സികള്‍. ഭീകരവാദികളുടെ ആറ് സംഘങ്ങള്‍ കശ്മീര്‍ താഴ്‌വരയിലേക്ക് നുഴഞ്ഞു കയറിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചു. വിവിധ ഏജന്‍സികള്‍ക്ക് ലഭിച്ച വിവരം കൃത്യമാണെന്ന് ഏജന്‍സികള്‍ സംയുക്തമായി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ടാണ് ഭീകര സംഘങ്ങള്‍ എത്തിയിട്ടുള്ളതെന്നാണ് വിവരം.

25 മുതല്‍ 30 വരെ ഭീകരരാണ് പുതുതായി എത്തിയിട്ടുള്ളത്. ജമ്മു കശ്മീരില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്ന ഭീകരര്‍ക്ക് പുറമെയാണിത്. ജമ്മു കശ്മീരിലെ അക്രമ സംഭവങ്ങള്‍ വര്‍ധിച്ചിട്ടുണ്ടെന്ന് തന്നെയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിലെ ഓരോ ദിവസവും സുരക്ഷാ ഏജന്‍സികള്‍ക്ക് നേരെയോ രാഷ്ട്രീയ നേതാക്കള്‍ക്ക് നേരെയോ ഒരു ആക്രമണമെങ്കിലും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്.

നിയന്ത്രണ രേഖയിലെ ക്യാമ്പുകളില്‍ 300 ഓളം ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് രഹസ്യ വിവരം. അവര്‍ എന്തിനും തയ്യാറായാണ് നില്‍ക്കുന്നതെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്ന് ഭീകര വിരുദ്ധ നീക്കങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു. കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തതിന് പിന്നാലെ ഭീകര ബന്ധമുള്ളവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകങ്ങളില്‍ അനുമോദന സന്ദേശങ്ങള്‍ നിറയുകയാണെന്നും ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. താലിബാന്‍ തീവ്രവാദികള്‍ക്കൊപ്പം ഭീകര പ്രവര്‍ത്തനം നടത്താന്‍ അഫ്ഗാനിസ്താനില്‍ പോയശേഷം പാക് അധീന കശ്മീരില്‍ തിരിച്ചെത്തിയ യുവാക്കളുടെ വീഡിയോയും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അഫ്ഗാനിസ്താനില്‍നിന്ന് തിരിച്ചെത്തിയവര്‍ക്ക് വന്‍ സ്വീകരണമാണ് പാക് അധീന കശ്മീരില്‍ ലഭിക്കുന്നത്.

ഇത്തരം സാമൂഹ്യ മാധ്യമ പോസ്റ്റുകളെല്ലാം സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ്. ഇവ കശ്മീരിലെ യുവാക്കളെ വഴിതെറ്റിക്കുമെന്നാണ് സുരക്ഷാ ഏജന്‍സികള്‍ വിലയിരുത്തുന്നത്.

ജമ്മു കശ്മീരില്‍ നിന്ന് 60 ഓളം യുവാക്കളെ ഏതാനും മാസങ്ങള്‍ക്കിടെ കാണാതായ സംഭവവും സുരക്ഷാ ഏജന്‍സികളുടെ ഉറക്കം കെടുത്തുന്നുണ്ട്. ജോലി ചെയ്യുന്നതിനോ മറ്റെവിടെയോ പോയെന്നാണ് ഇവരെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്ന വിവരം. എന്നാല്‍ ഇവരെ കാണാനില്ല എന്നകാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകള്‍ മൂലം ഭീകര സംഘടനകളില്‍ ചേര്‍ന്ന യുവാക്കള്‍ ഭീകര പ്രവര്‍ത്തനം അവസാനിപ്പിച്ച് മുഖ്യധാരയിലേക്ക് തിരിച്ചെത്തണമെന്ന് സുരക്ഷാ സേനകള്‍ നിരന്തരം അഭ്യര്‍ഥിച്ചുകൊണ്ടിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എന്‍ഡിടിവിയോട് പറഞ്ഞു.

Content Highlights: Terror attacks rise in J&K as US pulls out of Afghanistan