ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ഇറാനിയന്‍ വ്യോമപാത ഒഴിവാക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് നിര്‍ദേശം. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ വിമാനക്കമ്പനികള്‍ക്കാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്. പുതിയ സാഹചര്യത്തില്‍ ഇറാനിയന്‍ വ്യോമപാതയിലൂടെ സര്‍വീസ് നടത്തുന്ന വിമാനങ്ങള്‍ മുന്‍കരുതല്‍ പാലിക്കുന്നതായാണ് റിപ്പോര്‍ട്ട്. 

അതേസമയം, നിലവില്‍ വ്യോമപാതയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എന്നാല്‍ മുന്‍കരുതല്‍ പാലിക്കുന്നുണ്ടെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത എയര്‍ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. 

യു.എസ്, യൂറോപ്പ് തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയില്‍നിന്ന് പോകുന്ന മിക്ക വിമാനങ്ങളും ഇറാനിയന്‍ വ്യോമപാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇതില്‍തന്നെ എയര്‍ഇന്ത്യയാണ് ഈ വ്യോമപാതയിലൂടെ ഏറ്റവും കൂടുതല്‍ സര്‍വീസ് നടത്തുന്ന ഇന്ത്യന്‍ വിമാനക്കമ്പനി. 

ഇറാന്‍ സൈനിക ജനറല്‍ ഖാസെം സുലൈമാനിയെ യു.എസ്. വ്യോമാക്രമണത്തില്‍ കൊലപ്പെടുത്തിയതോടെയാണ് പശ്ചിമേഷ്യ വീണ്ടും സംഘര്‍ഷഭരിതമായത്. വെള്ളിയാഴ്ച ബാഗ്ദാദ് വിമാനത്താവളത്തില്‍ വെച്ചായിരുന്നു ഖാസെം സുലൈമാനി ഉള്‍പ്പെടെയുള്ളവരെ യു.എസ്. സേന വധിച്ചത്.  

Content Highlights: tension between us and iran; india asks to indian airlines to avoid iranian airspace