ത്തടിയോളം നീളമുള്ള രാജവെമ്പാല കയറിക്കൂടി ചുറ്റിയിരുന്നത് ട്രെയിനിന്റെ ചക്രങ്ങള്‍ക്ക് മുകളില്‍.  പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് അതിനെ രക്ഷപ്പെടുത്തി കാട്ടിലേക്കയക്കുക എന്നത് മാത്രമായി റെയില്‍വെ -വനം വകുപ്പുദ്യോഗസ്ഥരുടെ ലക്ഷ്യം. ഉത്തരാഖണ്ഡ് വനം വകുപ്പിലെ ഫീല്‍ഡ് ഫോറസ്റ്ററായ പി എം ധകാടെ ഷെയര്‍ ചെയ്ത രാജവെമ്പാലയെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ ട്വിറ്ററിലും ഫേസ്ബുക്കിലും നിരവധി പേരാണ് കണ്ടത്. 

ഉത്തരാഖണ്ഡ് വനംവകുപ്പിന്റേയും റെയില്‍വെ സുരക്ഷാ സേനയുടേയും സംയുക്ത ശ്രമത്തിനൊടുവിലാണ് രാജവെമ്പാലയെ പിടികൂടി വനത്തിലേക്ക് തുറന്നുവിടാനായതെന്ന് ധകാടെ പോസ്റ്റില്‍ കുറിച്ചു. പാമ്പിനെ രക്ഷപ്പെടുത്തുന്നതിന് മുമ്പ് യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തിയിരുന്നതായും ട്രെയിനിന്റെ സമയക്രമത്തില്‍ പരമാവധി മാറ്റം വരാതിരിക്കാന്‍ ശ്രദ്ധിച്ചതായും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കി. 

ചക്രങ്ങള്‍ക്കിടയില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന രാജവെമ്പാലയേയും രക്ഷിക്കാനായി ശ്രമം നടത്തുന്ന ഉദ്യോഗസ്ഥരേയും വീഡിയോയില്‍ കാണാം. കാഴ്ചക്കാരില്‍ ചിലര്‍ ആശ്ചര്യത്തോടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും വീഡിയോയിലുണ്ട്. കത്‌ഗോദാം സ്‌റ്റേഷനടുത്ത് വെച്ചാണ് പാമ്പിനെ കണ്ടെത്തിയത്. 

വീഡിയോ കണ്ട നിരവധി പേര്‍ റെയില്‍വെ സുരക്ഷാ സേനയ്ക്കും വനം വകുപ്പിനും അഭിനന്ദങ്ങള്‍ നിറഞ്ഞ കമന്റുകളുമായെത്തി. സമയോചിതമായ ഇടപെടല്‍ കാരണം പാമ്പിനെ രക്ഷിക്കാനായതായി പലരും കമന്റ് ചെയ്തു.

 

Content Highlights: Ten Foot King Cobra Removed From Train In Uttarakhand