പനാജി: കര്‍ണാടകയിലെ പ്രതിസന്ധിക്കിടെ കോണ്‍ഗ്രസിന് അടുത്ത പ്രഹരം. അയല്‍സംസ്ഥാനമായ ഗോവയിലെ പത്ത് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പിയിലേക്ക്. പ്രതിപക്ഷ നേതാവ് ചന്ദ്രകാന്ത് കാവ്‌ലേക്കറിന്റെ നേതൃത്വത്തിലാണ് എം.എല്‍.എമാര്‍ കൂടുമാറുന്നത്. 

തങ്ങള്‍ പാര്‍ട്ടി വിടുകയാണെന്ന് കാണിച്ച് ചന്ദ്രകാന്ത് കാവ്‌ലേക്കറും മറ്റു ഒമ്പത് കോണ്‍ഗ്രസ് എം.എല്‍.എമാരും നിയമസഭാ സ്പീക്കര്‍ക്ക് കത്തുനല്‍കി. ബുധനാഴ്ച വൈകിട്ടാണ് ഇവര്‍ നിയമസഭാ മന്ദിരത്തിലെത്തി സ്പീക്കറെ കണ്ടത്. മുഖ്യമന്ത്രി പ്രമോദ് സാവന്തും ഡെപ്യൂട്ടി സ്പീക്കര്‍ മൈക്കല്‍ ലോബായും ഇവരോടൊപ്പമുണ്ടായിരുന്നു. 

പ്രതിപക്ഷ നേതാവായ ചന്ദ്രകാന്ത് കാവ്‌ലേക്കറിനൊപ്പം ഫ്രാന്‍സിസ് സില്‍വേറിയ, ഫിലിപ്പ് നെറൈ റോഡ്രിഗസ്, വില്‍ഫ്രഡ് ഡിസൂസ, നീല്‍കാന്ത് ഹലാങ്കര്‍ തുടങ്ങിയവരും ബി.ജെ.പി.യിലേക്ക് ചേക്കേറുന്നവരില്‍ ഉള്‍പ്പെടുന്നു. അതേസമയം, പാര്‍ട്ടി വിടാനിടയായ കാരണം എന്താണെന്ന ചോദ്യത്തോട് ചന്ദ്രകാന്ത് കാവ്‌ലേക്കറും എം.എല്‍.എമാരും പ്രതികരിച്ചില്ല. 

ഗോവയില്‍ ആകെ 15 എം.എല്‍.എമാരാണ് നിലവില്‍ കോണ്‍ഗ്രസിനുള്ളത്. ഇതില്‍ പത്തുപേര്‍ ബി.ജെ.പി.യിലേക്ക് പോകുന്നതോടെ കോണ്‍ഗ്രസിന്റെ അംഗസഖ്യ അഞ്ചായി ചുരുങ്ങും.

നാൽപതംഗം നിയമസഭയിൽ ബി.ജെ.പിക്ക് പതിനേഴ് അംഗങ്ങളാണുള്ളത്. മൂന്ന് അംഗങ്ങളുള്ള ഗോവ ഫോർവേഡ് പാർട്ടിയുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണയോടെയാണ് ബി.ജെ.പി ഭരണം കൈയാളുന്നത്.

Content Highlights: ten congress mlas in goa joining in bjp