മുംബൈ: എടിഎം ഇടപാടുകള്‍ സംബന്ധിച്ച ആശക്കുഴപ്പത്തില്‍ പുതിയ വിശദീകരണവുമായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സാധാരണ സേവിങ്‌സ് ബാങ്ക് ഉപയോക്താക്കള്‍ക്ക് മാസത്തില്‍ പത്ത് എടിഎം ഇടപാടുകള്‍ സൗജന്യമായിരിക്കും എന്നാണ് എസ്ബിഐ പുറത്തിറക്കിയിരിക്കുന്ന വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ മെട്രോ സിറ്റികളില്‍ എട്ട് ഇടപാടുകളാകും സൗജന്യം. മെട്രോ നഗരങ്ങള്‍ ഇല്ലാത്തതിനാല്‍ കേരളം മുഴുവന്‍ പത്ത് ഇടപാടുകള്‍ സൗജന്യമായി ലഭ്യമാകും.

പത്ത് സൗജന്യ ഇടപാടുകളില്‍ അഞ്ചെണ്ണം എസ്ബിഐയിലും അഞ്ചെണ്ണം എസ്ബിഐ ഇതര എടിഎമ്മുകളിലുമാകും ഉപയോഗിക്കാനാവുക. ഇതിനുശേഷമുള്ള ഇടപാടുകള്‍ക്ക് പണമീടാക്കും. മെട്രോ നഗരങ്ങളില്‍ അഞ്ച് എസ്ബിഐ എടിഎം ഇടപാടുകളും മറ്റു ബാങ്കുകളുടെ എടിഎമ്മുകളില്‍ മൂന്ന് ഇടപാടുകളുമാകും സൗജന്യം.

ഇക്കാര്യം സംബന്ധിച്ച് ഇന്ന് മൂന്നാംതവണയാണ് എസ്ബിഐ വിശദീകരണം നല്‍കുന്നത്. രാവിലെ ജൂണ്‍ ഒന്നുമുതല്‍ എല്ലാ എടിഎം ഇടപാടുകള്‍ക്കും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് ബാങ്ക് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. പിന്നീട് ഇത് എസ്ബിഐ അക്കൗണ്ട് ഇല്ലാത്ത 'ബഡ്ഡി' അക്കൗണ്ട് ഉപയോക്താക്കള്‍ക്ക് മാത്രമാണെന്ന് ബാങ്ക് വിശദീകരണം നല്‍കി. എസ്ബിഐ ഇ-വാലറ്റാണ് ബഡ്ഡി. ഇതിനുശേഷമാണ് ബാങ്ക് ഇപ്പോള്‍ പത്രക്കുറിപ്പ് ഇറക്കിയിരിക്കുന്നത്.

അതേസമയം, മിനിമം ബാലന്‍സ് വേണ്ടാത്ത സേവിങ്‌സ് അക്കൗണ്ടുകള്‍ (ബേസിക് അക്കൗണ്ട്) ഉള്ളവര്‍ക്ക് മാസം നാലുതവണ മാത്രമേ സൗജന്യ എടിഎം സേവനം ലഭ്യമാകൂ. രാവിലെ ഇറക്കിയ സര്‍ക്കുലറിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ മറ്റ് അക്കൗണ്ട് ഉടമകള്‍ക്ക് ഒറ്റ ഇടപാട് പോലും ലഭിക്കില്ലെന്നായിരുന്നു സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.