പാലിയേക്കര: മഴക്കെടുതി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വാഹനങ്ങളില്‍ നിന്ന് പാലിയേക്കര ടോള്‍പ്ലാസയില്‍ ടോള്‍ ഈടാക്കില്ല. അടുത്ത അഞ്ച് ദിവസത്തേക്കാണ് ടോള്‍ ഒഴിവാക്കുന്നത്. തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന റവന്യൂ അധികൃതരുടെയും ടോള്‍ കമ്പനിയുടെയും യോഗത്തിന്റേതാണ് തീരുമാനം. 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ക്യാമ്പുകളിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്ന വാഹനങ്ങളും ടോള്‍ ബൂത്തിലൂടെ പല തവണ കടന്നു പോകേണ്ടിവരുന്നുണ്ട്. ഈ അടിയന്തിര സാഹചര്യം കണക്കിലെടുത്താണ് ഇത്തരം വാഹനങ്ങല്‍ക്ക് ടോള്‍ ഒഴിവാക്കിയത്. പ്രളയ മേഖലകളിലേക്ക് സഹായവുമായി പോകുന്ന വാഹനങ്ങള്‍ക്കും ഇത് ബാധകമാണ്. 

ടോള്‍ബൂത്തിലെ ക്യൂവില്‍ നില്‍ക്കാതെ ഈ വാഹനങ്ങള്‍ വേഗം കടത്തിവിടണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍ എസ് ഷാനവാസ്, എഡിഎം റെജി പി ജോസഫ്, ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Content Highlights: toll relief for flood relief vehicles, paliyekkara toll plaza, Kerala Flood 2019, Heavy Rain 2019