സുബോധ് കുമാർ ജയ്സ്വാൾ |ഫോട്ടോ:PTI
ന്യൂഡല്‍ഹി: പുതിയ സിബിഐ ഡയറക്ടറായി മഹാരാഷ്ട്ര ഐപിഎസ് ഓഫീസര്‍ സുബോധ് കുമാര്‍ ജയ്സ്വാളിനെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ചീഫ് ജസ്റ്റിസടക്കമുള്ളവരുടെ സമിതിയാണ് തിരഞ്ഞെടുത്തത്.
1985 ബാച്ച് ഐപിഎസ് ഓഫീസറായ സുബോധ് കുമാര്‍ ജയ്സ്വാള്‍ നിലവില്‍ സിഐഎസ്എഫ് ഡയറക്ടര്‍ ജനറലാണ്. സിഐഎസ്എഫില്‍ വലിയ വിപുലീകരണത്തിനും കോവിഡ് പശ്ചാത്തലത്തില്‍ സേനയുടെ മനോവീര്യം പുനരുജ്ജീവിപ്പിക്കുന്നതിനുമുള്ള പദ്ധതികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് അദ്ദേഹത്തെ സിബിഐ തലപ്പത്തേക്ക് നിയമിച്ചിരിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗമായ 'റോ'യിലും സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലും (എസ്പിജി) അടക്കം പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചയാളാണ് പുതിയ സിബിഐ ഡയറക്ടറായ സുബോധ് കുമാര്‍ ജയ്സ്വാള്‍.
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രി ആയിരിക്കെ 2018 ജൂണ്‍ മുതല്‍ 2019 ഫെബ്രുവരി വരെ സുബോധ് കുമാര്‍ മുംബൈ പോലീസ് കമ്മീഷണറായിരുന്നു. മഹാരാഷ്ട്ര ഡിജിപി ആയിരിക്കെയാണ് കേന്ദ്ര ഡെപ്യൂട്ടേഷനിലേക്ക് രണ്ടാമതും പോകുന്നത്. സിബിഐയില്‍ അദ്ദേഹത്തിന് യാതൊരു മുന്‍ പരിചയവും ഇല്ല. സുബോധ് കുമാറിന്റെ മുന്‍ഗാമികളായ അലോക് വര്‍മക്കും ഋഷി കുമാര്‍ ശുക്ലയ്ക്കും സിബിഐ തലപ്പത്തേക്ക് എത്താന്‍ സഹായകരമായത് സിബിഐയിലും വിജിലന്‍സ് വിഭാഗങ്ങളിലുമുള്ള മുന്‍പരിചയമായിരുന്നു.
എന്നാല്‍ തീവ്രവാദ കേസുകളിലെ അന്വേഷണങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സംസ്ഥാന തലത്തിലും കേന്ദ്ര തലത്തിലും രഹസ്യാന്വേഷണ വിഭാഗങ്ങളില്‍ സുബോധ് കുമാറിന് മികച്ച പരിചയ സമ്പത്തും ട്രാക്ക് റെക്കോര്‍ഡുമുണ്ട്.
മഹാരാഷ്ട്രയില്‍ തെല്‍ഗി സ്റ്റാമ്പ് പേപ്പര്‍ അഴിമതി കേസ് സിബിഐ ഏറ്റെടുക്കുന്നതിന് മുമ്പ് അദ്ദേഹം അന്വേഷിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേറ്റ് റിസര്‍വ് പോലീസ് സേനയുടെ തലവനായ അദ്ദേഹം മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡില്‍ ചേര്‍ന്നു.
2008 ലെ മുംബൈ ഭീകരാക്രമണ സമയത്ത് സുബോധ് കുമാര്‍ മഹാരാഷ്ട്ര സ്റ്റേറ്റ് ഇന്റലിജന്‍സ് ബ്യൂറോയുടെ തലവനായിരുന്നു.
എല്‍ഗര്‍ പരിഷത്ത്, ഭീമ കൊറേഗാവ് അക്രമകേസുകളുടെ അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചിട്ടുണ്ട്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..