ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ പശ്ചാത്തലത്തിലാണിത്.

മേഖലയിലെ ചില നേതാക്കള്‍ നടത്തുന്ന ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ പാക് നേതാക്കള്‍ നടത്തിയ പരാമര്‍ശങ്ങള്‍ പരോക്ഷമായി സൂചിപ്പിച്ചായിരുന്നു ഇത്. ഇരു നേതാക്കളും ഉഭയകക്ഷി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തതായി പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

30 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തിനിടെ വ്യാപാര തര്‍ക്കം പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ച നടത്താനും തീരുമാനമായി. അതിര്‍ത്തി കടന്നുള്ള ഭീകരവാദം ഒഴിവാക്കുന്നതിന്റെയും ഭീകരതയില്‍ നിന്നും അക്രമത്തില്‍ നിന്നും വിമുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിന്റെയും പ്രാധാന്യം സംഭാഷണത്തിനിടെ മോദി എടുത്തുപറഞ്ഞു.

പ്രത്യേക പദവി നീക്കം ചെയ്തുകൊണ്ട് കാശ്മീരില്‍ വികസനം കൊണ്ടുവരാനുള്ള ഇന്ത്യയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ ദിവസം യുഎന്‍ രക്ഷാസമിതി അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയും ട്രംപും തമ്മില്‍ ഫോണ്‍ സംഭാഷണം നടത്തിയതെന്നും ശ്രദ്ധേയമാണ്. 

ജൂണില്‍ ഒസാകയില്‍ നടന്ന ജി-20 സമ്മേളനത്തിന്റെ ഭാഗമായി ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. 

Content Highlights: Telephone conversation between Narendra Modi and Donald Trump