ഹൈദരാബാദ്: മയക്കുമരുന്ന് കടത്തിനെതിരായ തെലങ്കാന പോലീസിന്റെ വാഹന പരിശോധന വിവാദമായി. മയക്കുമരുന്ന് വേട്ടയെന്ന പേരില്‍ പോലീസുകാര്‍ വാഹനങ്ങള്‍ പരിശോധിക്കുന്നതും സാധാരണക്കാരുടെ മൊബൈല്‍ ഫോണുകള്‍ പരിശോധിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നതോടെയാണ് നടപടി വിവാദമായത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് സംശയം തോന്നിയ ചിലരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തെലങ്കാന പോലീസിന്റെ നടപടി തികച്ചും നിയമവിരുദ്ധമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും പാവപ്പെട്ട ജനങ്ങളെ ലക്ഷ്യമിട്ടുള്ളതുമാണെന്നും ആരോപിച്ച് നിരവധി പേര്‍ രംഗത്ത് വന്നിരിക്കുകയാണ്. 

ആളുകളുടെ തടഞ്ഞ് നിര്‍ത്തി അവരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി സന്ദേശങ്ങള്‍ വായിക്കാനും പോക്കറ്റുകള്‍ പരിശോധിക്കാനും ഏതെങ്കിലും നിയമപ്രകാരം അനുവദനീയമാണോ എന്ന് ചോദിച്ചുകൊണ്ട് തെലങ്കാന ഡിജിപിയെയും ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണറെയും ടാഗ് ചെയ്തുകൊണ്ട് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ച് ആക്ടിവിസ്റ്റ് എസ്.ക്യു.മസൂദ് ചോദിച്ചു. ഇത് സാധാരണക്കാരെ ദ്രോഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ കഞ്ചാവും മറ്റ് ലഹരിവസ്തുക്കളില്‍ നിന്നും മുക്തമാക്കാന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അടുത്തിടെ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് തെലങ്കാന പോലീസും എക്സൈസ് വകുപ്പും യോജിച്ച് ഈ നടപടി ആരംഭിച്ചത്. സംഭവം വിവാദമായതോടെ തങ്ങള്‍ മൊബൈല്‍ ഫോണ്‍ പരിശോധിച്ചിട്ടില്ലെന്നും വാഹനത്തിന്റെ രേഖകള്‍ ഡിജിറ്റലായി സൂക്ഷിച്ചിരുന്നത് വാഹനത്തിന്റെ ഉടമകള്‍ കാണിച്ചതാണെന്നും വിശദീകരിച്ച് പോലീസ് രംഗത്തെത്തി. 

കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ 10 കഞ്ചാവ് കേസുകളുമായി ബന്ധപ്പെട്ട് സൈബരാബാദ് പോലീസ് 17 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം എട്ട് വിവിധ കേസുകളിലായി 13 കുറ്റവാളികളെയും അറസ്റ്റ് ചെയ്തിരുന്നു. 

Content Highlights: Telengana police stopped civilians to check their mobiles and pocket; videos go viral