ഹൈദരാബാദ്: തെലങ്കാനയില്‍ യുവ മൃഗഡോക്ടറെ ബലാത്സംഗം ചെയ്ത് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി സംസ്ഥാന ആഭ്യന്തര മന്ത്രി. സംഭവത്തില്‍ അതീവ ദുഃഖമുണ്ടെന്നും സഹോദരിയെ വിളിച്ചതിനുപകരം പോലീസിന്റെ നമ്പറായ 100 ല്‍ വിളിച്ചിരുന്നെങ്കില്‍ യുവതിയുടെ ജീവന്‍ രക്ഷിക്കാനാകുമായിരുന്നെന്നും മന്ത്രി മുഹമ്മദ് മഹ്മൂദ് അലി പറഞ്ഞു. 

"കുറ്റകൃത്യങ്ങള്‍ തടയാനും നിയന്ത്രിക്കാനും പോലീസ് ജാഗ്രതയിലാണ്. കഴിഞ്ഞദിവസത്തെ സംഭവത്തില്‍ ഞങ്ങള്‍ക്കെല്ലാം വിഷമമുണ്ട്. അവര്‍ വിദ്യാഭ്യാസമുള്ള യുവതിയാണ്. അവരുടെ സഹോദരിയെ വിളിച്ചതിനുപകരം 100 ല്‍ വിളിച്ചിരുന്നെങ്കില്‍ അവരെ രക്ഷിക്കാമായിരുന്നു. 100 എന്നാല്‍ സൗഹൃദ നമ്പറാണ്". ഇക്കാര്യത്തില്‍ ജനങ്ങള്‍ക്കിടയില്‍ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. 

തെലങ്കാന പോലീസ് ഏറ്റവും കാര്യക്ഷമതയുള്ള പോലീസ് സംഘമാണെന്നും പ്രതികളെ തിരിച്ചറിഞ്ഞ് എത്രയുംവേഗം ശിക്ഷ ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. 

കഴിഞ്ഞദിവസമാണ് തെലങ്കാനയിലെ മൃഗഡോക്ടറായ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ റോഡരികില്‍ നിന്ന് കണ്ടെത്തിയത്. യുവതിയെ ബലാത്സംഗം ചെയ്തശേഷം തീകൊളുത്തി കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ നാലുപേരെ കസ്റ്റഡിയിലെടുത്തതായും പോലീസ് അറിയിച്ചു. 

Content Highlights: telangana veterinary doctor murder; home minister says she called her sister not 100