ബെംഗളൂരു: തെലങ്കാനയിലെ 13-ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട രാമപ്പ ക്ഷേത്രത്തിന് യുനസ്‌കോയുടെ ലോക പൈതൃക പദവി. വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ ഞായറാഴ്ച ചേര്‍ന്ന വെര്‍ച്വല്‍ യോഗത്തിനു ശേഷമാണ് പ്രഖ്യാപനം വന്നത്. തെലങ്കാനയിലെ പാലംപേട്ടിലാണ് ക്ഷേത്രം.

രാമലിംഗേശ്വര ക്ഷേത്രമാണ് അതിന്റെ നിര്‍മാണത്തിന് നേതൃത്വം നല്‍കിയ രാമപ്പ എന്ന ശില്‍പിയുടെ പേരില്‍ അറിയപ്പെടുന്നത്. ലോകത്തെ തന്നെ അപൂര്‍വം ചില ക്ഷേത്രങ്ങള്‍ മാത്രമാണ് ശില്‍പികളുടെ പേരില്‍ അറിയപ്പെടുന്നത്. 1213 എ.ഡിയിലാണ് ക്ഷേത്രം നിര്‍മിക്കപ്പെട്ടതെന്നാണ് തെലങ്കാന ടൂറിസം വ്യക്തമാക്കുന്നത്.

ക്ഷേത്രത്തിന് പൈതൃക പദവി ലഭിച്ചതിന് പിന്നാലെ തെലങ്കാനയിലെ ജനങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. കാകാത്തിയ രാജവംശത്തിന്റെ ശില്‍പകലാ വൈദഗ്ധ്യം വ്യക്തമാക്കുന്നതാണ് രാമപ്പ ക്ഷേത്രം. അതിന്റെ മഹത്വം നേരിട്ട് മനസിലാക്കുന്നതിനായി എല്ലാവരും ക്ഷേത്രം സന്ദര്‍ശിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

തെലങ്കാനയിലെ വാറങ്കല്‍ പാലംപേട്ടിലുള്ള രാമപ്പ ക്ഷേത്രത്തിന് ലോക പൈതൃക പദവി ലഭിച്ചകാര്യം കേന്ദ്ര ടൂറിസം - സാംസ്‌കാരിക മന്ത്രി ജി. കിഷന്‍ റെഡ്ഡിയും ട്വീറ്റ് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ പിന്തുണയ്ക്കും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്കും രാജ്യത്തിനു വേണ്ടിയും തെലങ്കാനയിലെ ജനങ്ങള്‍ക്കുവേണ്ടിയും അദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

പൈതൃക പദവി നല്‍കാനുള്ള നീക്കത്തെ 17 രാജ്യങ്ങള്‍ പിന്തുണച്ചു. ഇതുസംബന്ധിച്ച് റഷ്യയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങളാണ് വിജയിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. നോര്‍വെ നീക്കത്തെ എതിര്‍ത്തു.

Content Highlights: Telangana's Ramappa temple gets World Heritage Site tag