ഹൈദരാബാദ്: തെലങ്കാനയിൽ ലോക്ഡൗൺ പൂർണമായും പിൻവലിക്കാൻ തീരുമാനം. കോവിഡ് രണ്ടാം തരംഗത്തിലെ രോഗവ്യാപനം കുറയുന്ന സാഹചര്യം കണക്കിലെടുത്താണ് ലോക്ഡൗൺ പൂർണമായും പിൻവലിക്കാൻ മന്ത്രിസഭ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞുവെന്നും രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്നും ആരോഗ്യവകുപ്പ് അധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് ലോക്ഡൗൺ പൂർണമായും പിൻവലിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായത്.

ലോക്ഡൗൺ സമയത്ത് ഏർപ്പെടുത്തിയ എല്ലാ നിയന്ത്രണങ്ങളും പൂർണമായും പിൻവലിക്കാൻ വിവിധ വകുപ്പുകൾക്ക് സർക്കാർ നിർദേശം നൽകിയിട്ടുണ്ട്.

തെലങ്കാനയിൽ ഇതുവരെ 6,10,834 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 3546 പേർ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. എന്നാൽ രോഗവ്യാപനത്തിൽ ഗണ്യമായ കുറവാണ് കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. 24 മണിക്കൂറിനിടെ 1417 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 12 പേർ മരിച്ചു.

content highlights:Telangana Removes Covid Lockdown, Ends All Restrictions