ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭ തിരഞ്ഞെടുപ്പ് ചൂടിനിടെ സ്ഥാനാര്‍ഥിയുടെ ആത്മഹത്യാശ്രമം. ഒണ്ടേരു പ്രതാപ് റെഡ്ഡിയാണ് സ്വവസതിയിലെ പോലീസ്  റെയ്ഡിനെ തുടര്‍ന്ന് ആത്മഹത്യാഭീഷണി മുഴക്കി തിങ്കളാഴ്ച രാത്രിയില്‍ നാടകീയരംഗങ്ങള്‍ സൃഷ്ടിച്ചത്. 

റെഡ്ഡിയുടെ വീട്ടിൽ മദ്യവും പണവും വിതരണം ചെയ്യുന്നതുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് എത്തിയത്. എന്നാല്‍ റെഡ്ഡിയും അനുയായികളും പരിശോധനയെ എതിര്‍ത്തു. തുടര്‍ന്ന് റെഡ്ഡി പെട്രോളുമായെത്തി സ്വയം ശരീരത്തിലൊഴിച്ച ശേഷം തീ കൊളുത്തുമെന്ന് ഭീഷണി മുഴക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിശോധനയില്‍ യാതൊന്നും ലഭിച്ചില്ലെന്നും പോലീസ് അറിയിച്ചു.  

പീപ്പിള്‍ ഫ്രണ്ടിന്റെ ടിക്കറ്റില്‍ ഗജേവാള്‍ നിയോജക മണ്ഡലത്തില്‍ നിന്നാണ് റെഡ്ഡി നിയമസഭയിലേക്ക് മത്സരിക്കുന്നത്.ഡിസംബര്‍ ഏഴിനാണ് തെലങ്കാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 

Content Highlights:Telangana Politician Allegedly Attempts Suicide After Police Raid At Home