തെലങ്കാന: അമേരിക്കയില്‍നിന്ന് മൂന്നുദിവസം മുമ്പ് മടങ്ങിയെത്തി കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി തെലങ്കാനയിലെ ഭരണകക്ഷി എംഎല്‍എ. അമേരിക്കയില്‍നിന്ന് എത്തിയ ശേഷം സ്വയം ഐസൊലേഷനില്‍ പോകുകയാണെന്ന് പറഞ്ഞാണ് കൊനേരു കൊണപ്പ എന്ന എംഎല്‍എ കടുത്ത ചട്ടലംഘനം നടത്തിയത്. 

രാഷ്ട്രീയയോഗങ്ങളിലും നിരവധി പൊതുപരിപാടികളിലും പങ്കെടുത്ത ഇയാള്‍ ട്രെയിന്‍ യാത്രയും നടത്തുകയുണ്ടായി. കൊറോണവൈറസ് വ്യാപകമായി പടരുന്ന പശ്ചാത്തലത്തില്‍ രാജ്യം കടുത്ത ജാഗ്രത പുലര്‍ത്തുന്നതിനിടെയാണിത്. തെലങ്കാന രാഷ്ട്ര സമിതി എഎല്‍എയാണ് ഇയാള്‍.

ഇതിനിടെ ചട്ടം ലംഘിച്ചതിന് അസിഫാബാദ് ജില്ലാ കളക്ടര്‍ എംഎല്‍എക്ക് നോട്ടീസയച്ചു. ഇയാള്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. 

ഖഘസ്‌നഗര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗങ്ങള്‍ക്കൊപ്പം 3000 ത്തോളം പേര്‍ പങ്കെടുത്ത ഒരു ക്ഷേത്ര പരിപാടിയലക്കം ഇയാള്‍ എത്തിയിട്ടുണ്ട്.

വ്യാഴാഴ്ചയാണ് സിര്‍പുര്‍ എംഎല്‍എയായ കൊനേരു കൊണപ്പയും ഭാര്യയും യുഎസില്‍ നിന്നെത്തിയത്. തുടര്‍ന്ന് താനും ഭാര്യയും വീട്ടില്‍ ഐസൊലേഷനില്‍ പ്രവേശിക്കുകയാണെന്ന് പറഞ്ഞ് അധികൃതര്‍ക്ക് ഒപ്പിട്ടു നല്‍കിയിരുന്നു. എന്നാല്‍ പിറ്റേ ദിവസം തന്നെ ഇയാള്‍ തെലങ്കാന എക്‌സ്പ്രസില്‍ സെക്കന്ദരാബാദില്‍ നിന്ന് കഘസ്‌നഗറിലേക്ക് ട്രെയിനില്‍ സഞ്ചരിച്ചു. റെയില്‍വേ സ്റ്റേഷനില്‍ ഇയാളെ സ്വീകരിക്കുന്നതിനായി പാര്‍ട്ടി പ്രവര്‍ത്തകരും എത്തിയിരുന്നു. അവര്‍ക്കൊക്കെ കൈ കൊടുത്തു.

വിദേശരാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസത്തേക്ക് ഐസൊലേഷനില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് ജനപ്രതിനിധികളില്‍ നിന്ന് ഇത്തരം നടപടികള്‍.

Content Highlights: Telangana MLA Says He'll Self-Isolate, Takes Train, Attends Events