ഹൈദരാബാദ്: ശസ്ത്രക്രിയക്കായി കര്‍ഷകന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ടുലക്ഷം രൂപ എലി കരണ്ടു. മഹബൂബാബാദ് ജില്ലയിലെ വെമുനുര്‍ ഗ്രാമത്തിലെ പച്ചക്കറി കര്‍ഷകനായ റെഡ്യ നായിക്കിന്റെ പണമാണ് എലികരണ്ടത്. റെഡ്യ നായിക്കിന്റെ ദുരവസ്ഥയറിഞ്ഞ തെലങ്കാനയിലെ വനിതാ-ശിശുക്ഷേമ മന്ത്രി സത്യവതി റാഥോഡ് കര്‍ഷകന് സഹായം വാഗ്ദാനം ചെയ്ത്  രംഗത്തെത്തി.

ഉദരസംബന്ധിയായ ശസ്ത്രക്രിയക്കായി നാലുലക്ഷം രൂപയായിരുന്നു വേണ്ടിയിരുന്നത്. 
സ്വന്തം സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും കടംവാങ്ങിയുമാണ് രണ്ടുലക്ഷം രൂപ റെഡ്യ സ്വരൂപിച്ചത്. ഇത് ബാഗിലാക്കി വീട്ടിലെ അലമാരയില്‍ സൂക്ഷിക്കുകയായിരുന്നു. 

ചൊവ്വാഴ്ചയാണ് ആശുപത്രിയില്‍ പണം നല്‍കേണ്ടിയിരുന്നത്. ഇതിനായി അലമാര തുറന്നപ്പോഴാണ് ബാഗിലാക്കി സൂക്ഷിച്ചിരുന്ന പണം എലി കരണ്ടതായി റെഡ്യ മനസ്സിലാക്കിയത്.' അലമാര തുറന്ന് ബാഗുനോക്കിയ ഞാന്‍ ഞെട്ടിപ്പോയി. മുഴുവന്‍ പണവും എലികരണ്ട് നാശമായി ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്.' റെഡ്യ പറയുന്നു. 

പണം മാറ്റി നല്‍കുമോ എന്നറിയുന്നതിനായി റെഡ്യ പിന്നീട് പല ബാങ്കുകളിലും കയറിയിറങ്ങിയെങ്കിലും ബാങ്കുകള്‍ അത് സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. 

റെഡ്യയുടെ ദുരവസ്ഥ ശ്രദ്ധയില്‍ പെട്ട മന്ത്രി റെഡ്യക്ക് സഹായം വാഗ്ദാനം ചെയ്യുകയായിരുന്നു. പണം നഷ്ടമായതിനെ കുറിച്ചോ രോഗത്തെ കുറിച്ചോ ഓര്‍ത്ത് വിഷമിക്കേണ്ടതില്ലെന്ന് പറഞ്ഞ മന്ത്രി റെഡ്യ ആവശ്യപ്പെടുന്ന ആശുപത്രിയില്‍ ചികിത്സ നടത്താമെന്നും അറിയിച്ചു. 

കര്‍ഷകനെ നേരിട്ട് കണ്ട് ആശ്വസിപ്പിക്കുന്നതിനായി റവന്യൂ ഓഫീസരെയും മന്ത്രി ചുമതലപ്പെടുത്തി. 

തന്നെ സഹായിക്കാനായി മുന്നോട്ടെത്തിയ മന്ത്രിക്ക് റെഡ്യ നന്ദി അറിയിച്ചിട്ടുണ്ട്. 

 

 

Content Highlights: Telangana minister to rescue farmer who lost Rs 2Lakhs cash to rats