ഹൈദരാബാദ്: തന്റെ പ്രതികരണത്തിലൂടെ തെലങ്കാന മന്ത്രി കെ.ടി.രാമ റാവുവിന്റെ (കെടിആര്‍) ശ്രദ്ധ പിടിച്ചുപറ്റി 12-വയസുകാരനായ ന്യൂസ് പേപ്പര്‍ ബോയ്. സൈക്കിളില്‍ പത്രം വിതരണം ചെയ്യുകയായിരുന്ന കുട്ടിയോട് ഒരു വഴി യാത്രികന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും കുട്ടി അതിന് മറുപടി നല്‍കുന്നതുമായ വീഡിയോ വൈറലായിരുന്നു. 

തെലങ്കാനയിലെ ജഗ്ത്യാല്‍ നഗരത്തില്‍ നിന്നുള്ളതാണ് വൈറല്‍ വീഡിയോ. ട്വിറ്ററില്‍ വീഡിയോ കെടി രാമ റാവു പങ്കുവെച്ചു. ' ജഗ്ത്യാല്‍ ടൗണില്‍ നിന്നുള്ള ഈ വീഡിയോ ഇഷ്ടപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന ശ്രീ പ്രകാശ് എന്ന വിദ്യാര്‍ഥിയാണ് ഈ കുട്ടി. അവന്റെ ആത്മവിശ്വാസം, ശാന്തത, ചിന്തയുടെയും പ്രതികരണത്തിന്റേയും വ്യക്തത എന്നിവ ഇഷ്ടപ്പെട്ടു' കെടിആര്‍ ട്വിറ്ററില്‍ കുറിച്ചു.

സൈക്കിളില്‍ പത്രം വിതരണം ചെയ്യുന്നതിനിടെ ഒരു വഴിയാത്രികന്‍ എന്തുകൊണ്ടാണ് ഈ ജോലി ചെയ്യുന്നതെന്ന് ചോദിച്ചു. അങ്ങനെ ചെയ്യാന്‍ പാടില്ലേ എന്നായിരുന്ന ഉടന്‍ തന്നെ ശ്രീപ്രകാശിന്റെ മറുപടി. വഴിയാത്രികന്‍ അവന്റെ പഠനത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അതിനും പൊടുന്നനെയുള്ള മറുപടി കിട്ടി. 'എന്റെ പഠനത്തോടൊപ്പം ഞാന്‍ ജോലിയും ചെയ്യുന്നു. ഇപ്പോള്‍ ഞാനിത് ചെയ്യുകയാണെങ്കില്‍ ഭാവിയില്‍ നല്ല നിലയിലെത്താന്‍ അതെന്നെ സഹായിക്കും' ആറാം ക്ലാസ് വിദ്യാര്‍ഥിയായ ശ്രീ പ്രകാശ് പറഞ്ഞു.

താന്‍ മൂന്നാം ക്ലാസ് മുതല്‍ പത്ര വിതരണത്തിന് പോകുന്നുണ്ടെന്ന് വീഡിയോ കണ്ട ശേഷം തന്നെ ഇന്റര്‍വ്യൂ ചെയ്യാനെത്തിയ പ്രാദേശിക ചാനലിനോട് ശ്രീ പ്രകാശ് പറഞ്ഞു. തന്റെ സഹോദരനും പത്ര വിതരണത്തിന് പോയിരുന്നു. കുട്ടിക്കാലത്ത് പത്ര വിതരണം നടത്തിയിരുന്ന മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമാണ് തന്റെ പ്രചോദനമെന്നും ശ്രീ പ്രകാശ് വ്യക്തമാക്കി.