പ്രീതി, കെടി രാമറാവു
ഹൈദരാബാദ്: സീനിയര്‍ വിദ്യാര്‍ഥികളുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മെഡിക്കല്‍ വിദ്യാര്‍ഥിനി മരണത്തിന് കീഴടങ്ങിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് തെലങ്കാന മന്ത്രി കെ.ടി രാമറാവു. സംഭവത്തിന് പിന്നില്‍ സെയ്ഫായാലും സതീഷായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഹനംകോണ്ട ജില്ലയില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് മന്ത്രിയുടെ പ്രതികരണം.
കാകതീയ മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ പിജി വിദ്യാര്‍ഥിനിയായിരുന്ന ഡി. പ്രീതിയാണ് ആത്മഹത്യ ചെയ്തത്. പ്രീതിയുടെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കോളേജിലെ രണ്ടാം വര്‍ഷ പി.ജി വിദ്യാര്‍ഥിയായ മുഹമ്മദ് അലി സെയ്ഫിനെ ആത്മഹത്യ പ്രേരണാക്കുറ്റം, റാഗിങ്, പട്ടികജാതി-പട്ടികവര്‍ഗ പീഡന നിരേധന നിയമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വിഷയം ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ബുധനാഴ്ചയാണ് പ്രീതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നിസാം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയായിരുന്നു മരണം. പ്രീതിയെ 2022 ഡിസംബര്‍ മുതല്‍ സെയ്ഫ് ശല്യം ചെയ്തിരുന്നുവെന്നാണ് ആരോപണം. മകളെ, സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തിരുന്നതായും ആത്മഹത്യയിലേക്ക് നയിച്ച കാരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം വേണമെന്നും പ്രീതിയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.
കഴിഞ്ഞ ബുധനാഴ്ച പ്രീതി പിതാവിനെ വിളിക്കുകയും സെയ്ഫ് ബുദ്ധിമുട്ടിക്കുന്നതിനേക്കുറിച്ച് പറയുകയും ചെയ്തിരുന്നു. അധികസമയം ജോലിചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായും ആശുപത്രിയിലെ ഡ്യൂട്ടിസമയത്ത് വാഷ് റൂമില്‍ പോകാന്‍ പോലും അനുവദിക്കുന്നില്ലെന്നും പ്രീതി പറഞ്ഞിരുന്നു. തുടര്‍ന്ന് പിതാവ് ലോക്കല്‍ പോലീസിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയും വിഷയത്തില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ പ്രീതിയെ അബോധാവസ്ഥയില്‍ ആശുപത്രിയിലെ സ്റ്റാഫ് റൂമില്‍ കണ്ടെത്തുകയായിരുന്നു. മരണത്തിന് പിന്നാലെ പ്രീതിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: telangana medical student suicide case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..