ഹൈദരാബാദ്: രാജ്യത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് തെലങ്കാനയും. കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തെലങ്കാന സര്‍ക്കാര്‍ ബുധനാഴ്ച രാവിലെ മുതല്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങള്‍ മെയ് 12 ന് രാവിലെ 10 മുതല്‍ പ്രാബല്യത്തില്‍ വരും. തുടര്‍ന്ന് 10 ദിവസത്തേക്ക് സംസ്ഥാനം അടച്ചിടും. 

എന്നാല്‍, എല്ലാ ദിവസവും രാവിലെ 6 മുതല്‍ 10 വരെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഇളവ് അനുവദിക്കും. അതിനു ശേഷം അവശ്യ സേവനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുയെന്ന് തെലങ്കാന മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക്ഡൗണ്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

'നാളെ രാവിലെ 10 മുതല്‍ 10 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും എല്ലാ ദിവസവും രാവിലെ 6 മുതല്‍ 10 വരെ ലോക്ഡൗണ്‍ ഇളവ് അനുവദിക്കും. കോവിഡ് 19 വാക്‌സിന്‍ വാങ്ങുന്നതിനായി ആഗോള ടെണ്ടര്‍ ക്ഷണിക്കാനും മന്ത്രിസഭ തീരുമാനിച്ചു', മുഖ്യമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു. 

ഇതോടെ ദക്ഷിണേന്ത്യയില്‍ ആന്ധ്ര ഒഴിച്ചുള്ള സംസ്ഥാനങ്ങളിലെല്ലാം ലോക് ഡോണ്‍ പ്രഖ്യാപിച്ചു. മെയ് 24 വരെ തമിഴ്‌നാടും കര്‍ണാടകയും ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കേരളത്തിലും ഈ മാസം 16 വരെ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിരിക്കുകയാണ്. ആന്ധ്രപ്രദേശില്‍ ഭാഗിക കര്‍ഫ്യൂവാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Content Highlights: Telangana imposes 10-day lockdown from May 12 amid Covid-19 surge