വിമാനത്തിനുള്ളിൽ ഐപിഎസ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ പരിശോധിക്കുന്ന ഗവർണർ | Photo: twitter.com/iammrcn
അമരാവതി: വിമാനയാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ആന്ധ്രാപ്രദേശിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെ രക്ഷയ്ക്കെത്തിയത് ഡോക്ടര്‍ കൂടിയായ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദര്രാജന്. ഡല്‍ഹിയില്‍ നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് ഐപിഎസ് ഉദ്യോഗസ്ഥനായ കൃപാനന്ദ് ത്രിപാഠി ഉജേലയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം.
യാത്രയ്ക്കിടെ ഉദ്യോഗസ്ഥന് സുഖമില്ലാതായപ്പോള്‍ യാത്രക്കാരില്‍ ഡോക്ടര്‍മാര്‍ ഉണ്ടോയെന്ന് എയര്‍ഹോസ്റ്റസ് തിരക്കി. ഉടനെ തന്നെ വിമാനത്തിലുണ്ടായിരുന്ന ഗവര്‍ണര്‍ മുന്നോട്ടുവരികയും സഹായിക്കാന്‍ സന്നദ്ധത അറിയിക്കുകയുമായിരുന്നു. ഒരു അമ്മയെ പോലയാണ് ഗവര്‍ണര്‍ തന്നെ പരിപാലിച്ചതെന്നും കൃത്യസമയത്തുള്ള ഇടപെടല്‍ തന്റെ ജീവന് രക്ഷിച്ചെന്നും ഐപിഎസ് ഉദ്യോഗസ്ഥന് പി.ടി.ഐയോട് പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട തനിക്ക് പ്രാഥമിക ശുസ്രൂഷ നല്‍കുകയും നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു ഗവര്‍ണര്‍. ഇതിന് ശേഷമാണ് തനിക്ക് ആശ്വാസം തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. വിമാനം ഇറങ്ങിയ ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ഡെങ്കിപ്പനിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. അദ്ദേഹത്തിന്റെ കൗണ്ട് 14,000 വരെ താഴ്ന്നിരുന്നു. ഗവര്‍ണര്‍ ഫ്ളൈറ്റില്‍ ഇല്ലായിരുന്നുവെങ്കില്‍ തനിക്ക് ജീവന് നഷ്ടമാകുമായിരുന്നുവെന്നും ഇത് തന്റെ രണ്ടാം ജന്മമാണെന്നും ഉദ്യോഗസ്ഥന് പറഞ്ഞു. ആന്ധ്രപ്രദേശിലെ റോഡ് സുരക്ഷാ വിഭാഗം എ.ഡിജിപിയാണ് ഇദ്ദേഹം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..