ഹൈദരാബാദ്: ജനപ്രീതി മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെലങ്കാന സര്‍ക്കാര്‍ നടത്തിയ സാരിവിതരണം സംസ്ഥാനത്ത് പലയിടത്തും സ്ത്രീകളുടെ കൂട്ടത്തല്ലിന് കാരണമായി.
തെലങ്കാനയുടെ പ്രധാന ആഘോഷങ്ങളിലൊന്നായ ബത്തുകമ്മയോടനുബന്ധിച്ചാണ് സംസ്ഥാനത്തെ വനിതകള്‍ക്ക് സൗജന്യസാരിവിതരണം നടത്താന്‍ തെലങ്കാന ഭരിക്കുന്ന ചന്ദ്രശേഖരറാവു സര്‍ക്കാര്‍ തീരുമാനിച്ചത്.
ദസറയോടനുബന്ധിച്ച് നടക്കുന്ന ബത്തുകമ്മയില്‍ പൂവുകള്‍ കൊണ്ടലങ്കരിച്ച ചെറുസ്തൂപങ്ങള്‍ക്ക് ചുറ്റും പുതിയ സാരിയണിഞ്ഞ് സ്ത്രീകള്‍ നൃത്തം ചെയ്യുന്നതാണ് ആചാരം.
ഇതാണ് സ്ത്രീകള്‍ക്ക് പുതിയ സാരി വിതരണം ചെയ്യാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുത്ത അഞ്ഞൂറോളം വ്യത്യസ്ത ഡിസൈനുകളിലുള്ള ഒരു കോടിയിലേറെ സാരികളാണ് തെലങ്കാന സര്‍ക്കാര്‍ വാങ്ങിയ്.
ഇതിനായി 222 കോടി രൂപ ചിലവായി. തെലങ്കാനയില്‍ നിന്നും ഗുജറാത്തിലെ സൂറത്തില്‍ നിന്നുമായിരുന്നു വിതരണത്തിനായുള്ള സാരികള്‍ എത്തിച്ചത്. ജാതിമത ഭേദമന്യേ പതിനെട്ട് വയസ്സ് തികഞ്ഞ എല്ലാ സ്ത്രീകള്‍ക്കും സാരി നല്‍കും എന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം.
ഉന്നതനിലവാരമുള്ള കൈത്തറി സാരികളാണ് സ്ത്രീകള്‍ക്ക് സൗജന്യമായി നല്‍കുന്നതെന്ന് ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയസമിതിയുടെ നേതാക്കളും വീമ്പിളക്കി.
എന്തായാലും കൊട്ടിഘോഷിച്ചു നടത്തിയ സാരിവിതരണം വിപരീതഫലമാണ് ഉണ്ടാക്കിയത്. തിങ്കളാഴ്ച സാരി വിതരണം നടന്ന സ്ഥലങ്ങളിലെല്ലാം നീണ്ട ക്യൂവായിരുന്നു ദൃശ്യമായത്.
പലയിടത്തും ക്യൂവില്‍ നിന്ന സ്ത്രീകള്‍ തമ്മില്‍ അടിയുണ്ടായി. പരസ്പരം മുടിപിടിച്ചു വലിച്ചും ചവിട്ടിയും തല്ലുണ്ടാക്കുന്ന സ്ത്രീകളുടെ വീഡിയോകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇഷ്ടഡിസൈന്‍ കിട്ടാത്തതിന്റെ പേരിലും സ്ത്രീകള്‍ കടിപിടി നടത്തി.
കൈയില്‍ കിട്ടിയ സാരിക്ക് നിലവാരമില്ലെന്ന ആരോപണവുമായും അനവധി സ്ത്രീകള്‍ രംഗത്തു വന്നു. 50 രൂപ പോലും വിലമതിക്കാത്ത സാരിയാണ് തങ്ങള്‍ക്ക് കിട്ടിയതെന്നും സ്വന്തം പേര് നന്നാക്കാന്‍ ശ്രമിക്കാതെ മോശം സാരികള്‍ സമ്മാനിച്ച് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു തങ്ങളെ അപമാനിക്കുകയാണെന്ന് ഒരു സ്ത്രി പറയുന്നു.
മുഖ്യമന്ത്രിയുടെ പെണ്മക്കള് ഈ സാരി ഉടുക്കുമോ....? ഇമ്മാതിരി സാരികള്‍ തരാതെ സമയത്ത് റേഷന്‍ തരാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്... നിലവാരമില്ലാത്ത സാരി കിട്ടിയ മൈസമ്മ എന്ന സ്ത്രീ രോഷത്തോടെ പറഞ്ഞു.
കിട്ടിയ സാരികള്‍ കൂട്ടിയിട്ട് കത്തിച്ച് അതിന് ചുറ്റും മുഖ്യമന്ത്രിയെ കളിയാക്കുന്ന പാട്ടുംപാടി നൃത്തം ചെയ്യുന്ന സ്ത്രീകളുടെ വീഡിയോ ഇതിനോടകം വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. അതേസമയം വലിയ പ്രതീക്ഷയോടെ നടത്തിയ സാരിവിതരണം കുഴപ്പത്തിലായത് പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നാണ് ടിആര്‍എസ് കുറ്റപ്പെടുത്തുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..