ഹൈദരാബാദ്: തെലങ്കാനയില്‍ കൊറോണ വൈറസ് വ്യാപനം നേരിടുന്നതിനുള്ള ലോക്ക്ഡൗണ്‍ മെയ് 29 വരെ നീട്ടി. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍  റാവുവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക്ഡൗണ്‍ മെയ് 17 ന് അവസാനിക്കാനിരിക്കെയാണിത്.  

തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അവശ്യ സാധനങ്ങള്‍ വാങ്ങേണ്ടവര്‍ വൈകീട്ട് ആറിനകം അവ വാങ്ങി വീട്ടില്‍ തിരിച്ചെത്തണം. രാത്രി ഏഴുമുതല്‍ സംസ്ഥാനത്ത് കര്‍ഫ്യൂ ആയിരിക്കും. 

രാത്രി ഏഴിനുശേഷം ആരെങ്കിലും പുറത്തിറങ്ങിയാല്‍ പോലീസ് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കുവേണ്ടി മാത്രമെ പുറത്തിറങ്ങാവൂ. കുട്ടികള്‍ക്കും പുറത്തിറങ്ങാന്‍ അനുമതി ഉണ്ടാവില്ല. 

തെലങ്കാനയിലെ ആറ് ജില്ലകള്‍ റെഡ് സോണിലാണ്. 18 എണ്ണം  ഓറഞ്ച് സോണിലും ഒന്‍പതെണ്ണം ഗ്രീന്‍ സോണിലും. മൂന്ന് ജില്ലകള്‍ തീവ്ര രോഗബാധിതമാണ്. റെഡ് സോണില്‍പോലും കടകള്‍ തുറക്കാമെന്ന കേന്ദ്ര നിര്‍ദ്ദേശം ഉണ്ടെങ്കിലും ഹൈദരാബാദ് അടക്കമുള്ള നാല് നഗരങ്ങളില്‍  ഒരു കടകളും തുറക്കാന്‍ അനുമതി നല്‍കില്ലെന്ന്  മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു മാധ്യമങ്ങളോട് പറഞ്ഞു.

Content Highlights: Telangana extends lockdown to may 29