നല്‍ഗോണ്ട (തെലങ്കാന): ഭാര്യയുടെ മുന്നില്‍വച്ച് യുവ എന്‍ജിനിയറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലയാളി ഉള്‍പ്പെടെ ഏഴുപേരെ പോലീസ് പിടികൂടി. ബിഹാറില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. ഒരു കോടി രൂപ പ്രതിഫലം ഉറപ്പിച്ചാണ്  കൊലപാതകം നടത്താന്‍ ഇവര്‍ ക്വട്ടേഷന്‍ ഏറ്റെടുത്തതെന്ന് പോലീസ് പറഞ്ഞു. ഈ സംഘത്തിന് പാക് ചാര സംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സ് (ഐഎസ്ഐ) ബന്ധം ഉള്ളതായി സൂചനയുണ്ടെന്നും പോലീസ് പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് പെരുമല്ല പ്രണോയ് കുമാറിനെ ഭാര്യ അമൃതവര്‍ഷിണിയുടെ മുന്നില്‍വച്ച് വെട്ടിക്കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ പോയി മടങ്ങും വഴിയായിരുന്നു കൊലപാതകം. 

പട്ടികജാതിക്കാരനായ യുവാവിനെ മകള്‍ വിവാഹം ചെയ്തതിലുള്ള അമൃതവര്‍ഷിണിയുെട പിതാവിന്റെ ദുരഭിമാനമാണ് കൊലയില്‍ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. പ്രണോയിയുടെ മരണത്തിന് പിന്നാലെ അമൃതവര്‍ഷിണി തന്നെയാണ് പിതാവിനും ബന്ധുക്കള്‍ക്കുമെതിരേ ആരോപണം ഉന്നയിച്ചത്. ഒരു കോടി രൂപ വാഗ്ദാനം ചെയ്താണ് ബിഹാറില്‍ നിന്നുള്ള കൊലയാളി സംഘത്തെ കൃത്യം നടത്താന്‍ വാടകയ്ക്കെടുത്തതെന്ന് പോലീസ് പറഞ്ഞു. ഇതില്‍ 18 ലക്ഷം രൂപ ഇവര്‍ക്ക് മുന്‍കൂറായി നല്‍കിയിരുന്നു. അമൃതവര്‍ഷിണിയുടെ പിതാവ് മാരുതി റാവു ഉന്നത സ്വാധീനവും പിടിപാടുമുള്ള റിയല്‍എസ്റ്റേറ്റ് ഇടപാടുകാരനാണ്.

മാരുതി റാവുവിന്റെയും ബന്ധുക്കളുടെയും എതിര്‍പ്പ് അവഗണിച്ചാണ് ചെറുപ്പം മുതല്‍ അടുപ്പത്തിലായിരുന്ന പ്രണോയിയും അമൃതവര്‍ഷിണിയും ജനുവരിയില്‍ ഹൈദരാബാദില്‍ വിവാഹിതരായത്. പിന്നീട് മെയ് മാസത്തില്‍ ഇരുവരെയും മാരുതി റാവു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയും വിവാഹ സത്കാരം നടത്തുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ അമൃതവര്‍ഷിണി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് മാരുതിറാവുവിനെ പ്രകോപിപ്പിച്ചതെന്നാണ് കരുതുന്നത്.

ഗര്‍ഭിണിയായ അമൃതവര്‍ഷിണിയോട് കുഞ്ഞിനെ ഇല്ലാതാക്കാനും കാര്യങ്ങള്‍ ശാന്തമാകും വരകെ കാത്തിരിക്കാനും പിതാവ് ആവശ്യപ്പെട്ടിരുന്നു. അതിലൂടെ തന്നെയും പ്രണോയിയെയും തമ്മില്‍ അകറ്റണമെന്ന ദുഷ്ചിന്ത പിതാവിനുണ്ടെന്ന് തനിക്കറിയാമായിരുന്നെന്നും അമൃതവര്‍ഷിണി വെളിപ്പെടുത്തിയിരുന്നു.

content highlights: Telangana Caste Killing,1 Crore Contract And An ISI Angle