ഹൈദരാബാദ്: ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ വീണ്ടും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്ന ശുപാര്‍ശ സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു. കോവിഡ് വ്യാപനം തടയാന്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ 15 ദിവസത്തെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നല്‍കിയിട്ടുള്ള ശുപാര്‍ശ. ഇക്കാര്യത്തില്‍ സംസ്ഥാന മന്ത്രിസഭ ദിവസങ്ങള്‍ക്കകം തീരുമാനമെടുക്കുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്.

കോര്‍പ്പറേഷന്‍ പരിധിയിലെ പലസ്ഥലത്തും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തണമെന്നാണ് ശുപാര്‍ശ. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഞായറാഴ്ച പ്രഗതി ഭവനില്‍ നടന്ന ഉന്നതതല യോഗം സ്ഥിതിഗതികള്‍ വിലയിരുത്തി. ഹൈദരാബാദ് കോര്‍പ്പറേഷന്‍ പരിധിയില്‍ രോഗബാധിതര്‍ വര്‍ധിക്കുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.

ഒരു കോടിയിലേറെ ജനങ്ങളാണ് ഹൈദരാബാദ് നഗരത്തില്‍ താമസിക്കുന്നതെന്ന് യോഗത്തില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് ബാധിതരുടെ എണ്ണം ഇവിടെ കൂടുതലാണ്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ സ്വതന്ത്രമായി സഞ്ചരിക്കുകയാണ്. ഇതാണ് കോവിഡ് വ്യാപനം വര്‍ധിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്നകാര്യം ചര്‍ച്ചചെയ്യാന്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരാനാണ് നീക്കം. ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താതെ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിയുമോ എന്നകാര്യവും മന്ത്രിസഭാ യോഗം വിലയിരുത്തും.

അതിനിടെ, കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു ജനങ്ങളോട് അഭ്യര്‍ഥിച്ചു. രോഗബാധിതര്‍ക്കെല്ലാം കൃത്യമായ ചികിത്സ നല്‍കും. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ആവശ്യമായ കിടക്കകള്‍ തയ്യാറാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നല്‍കുമെന്നും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവര്‍ക്ക് വീടുകളില്‍തന്നെ ചികിത്സ നല്‍കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

Content Highlights: Telangana cabinet to decide on 15 day lockdown in Hyderabad