ഹൈദരാബാദ്: ഗോവധം നടത്തുന്നവര്‍ക്കെതിരെ ശക്തമായി പ്രതികരിക്കുന്നതിന് ബിജെപി നേതാവ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചു. ഹൈദരാബാദില്‍നിന്നുള്ള ബിജെപി എംഎല്‍എ ടി. രാജാ സിങ് ആണ് ഗോവധം നടത്തുന്നതിനെതിരെ പ്രതികരിക്കുന്നതിനായി ബിജെപിയില്‍നിന്ന് രാജിവെച്ചത്. തന്റെ നടപടികള്‍ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കുന്നതിനാണ് രാജിവെച്ചതെന്നാണ് രാജാ സിങ്ങിന്റെ നിലപാട്.

ഹിന്ദു വാഹിനി എന്ന സംഘടനയുടെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തന്റെ ആദ്യ പരിഗണന ഹിന്ദുമതത്തെ സംരക്ഷിക്കുക എന്നതാണെന്ന് രാജാ സിങ് രാജിക്കത്തില്‍ പറയുന്നു. ബക്രീദിനോടനുബന്ധിച്ച് മൂവായിരത്തോളം പശുക്കള്‍ കൊല്ലപ്പെടുമെന്നും ഇതിനെതിരെ നടപടി സ്വീകരിക്കുന്നതിനാണ് തന്റെ രാജിയെന്നും അദ്ദേഹം പറയുന്നു.

ഗോവധത്തിനെതിരായ തന്റെ പ്രതികരണങ്ങള്‍ മൂലം തന്റെ പാര്‍ട്ടിക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ ആഗ്രഹിക്കുന്നില്ല. തന്റെ പ്രവൃത്തികള്‍ക്ക് പാര്‍ട്ടി വിശദീകരണം നല്‍കേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് താന്‍ പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതെന്നും അദ്ദേഹം പറയുന്നു.

വിവാദ പ്രസ്താവനകളുമായി മുന്‍പും രംഗത്തെത്തിയിട്ടുള്ളയാളാണ് രാജാ സിങ്. മുന്‍പ് രണ്ടുതവണ അദ്ദേഹം പാര്‍ട്ടിയില്‍നിന്ന് രാജിവെക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീട് രാജിക്കത്ത് പിന്‍വലിക്കുകയായിരുന്നു.