ഹൈദരാബാദ്: തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (ടി.എസ്.ആര്‍.ടി.സി) ബസ്സുകള്‍ മാത്രം ഓടിയിരുന്ന 5100 റൂട്ടുകള്‍ സ്വകാര്യവത്കരിച്ച്  സംസ്ഥാന സര്‍ക്കാര്‍. ടി.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം 29-ാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് തീരുമാനം. സമരം ചെയ്യുന്ന ജീവനക്കാര്‍ മൂന്ന് ദിവസത്തിനകം ജോലിക്ക് ഹാജരാകാന്‍ തയ്യാറാകാത്തപക്ഷം അവശേഷിക്കുന്ന റൂട്ടുകള്‍കൂടി സ്വകാര്യവത്കരിക്കുമെന്ന മുന്നറിയിപ്പും സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ബസ് റൂട്ടുകള്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനമെടുത്തത്. സമരം ചെയ്യുന്ന ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെടാതിരിക്കാനും കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാനും ഒരു അവസരംകൂടി നല്‍കുകയാണെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നവംബര്‍ അഞ്ചിന് അര്‍ധരാത്രിക്കകം ജീവനക്കാര്‍ ജോലിക്ക് ഹാജരാകാത്തപക്ഷം അവശേഷിക്കുന്ന 5000 റൂട്ടുകള്‍കൂടി സ്വകാര്യവത്കരിക്കും. 5100 റൂട്ടുകള്‍ സ്വകാര്യവത്കരിച്ച നടപടി പിന്‍വലിക്കാനാവില്ല. റൂട്ടുകള്‍ സ്വകാര്യവത്കരിക്കാനുള്ള അവകാശം മോട്ടോര്‍ വാഹന നിയമപ്രകാരം സര്‍ക്കാരിനുണ്ട്. ടി.എസ്.ആര്‍.സി.സിയെ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന പ്രശ്‌നമേയില്ലെന്നും ചന്ദ്രശേഖര റാവു വ്യക്തമാക്കി.

Content Highlights: Telengana privatises 5100 RTC routes