ഭോപ്പാല്‍: ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെ പുകഴ്ത്തി ബിജെപി നേതാവ് ഉമാഭാരതി. തേജസ്വിയ്ക്ക് ചെറുപ്പമാണെന്നും സംസ്ഥാനം ഭരിക്കാനുള്ള അനുഭവ സമ്പത്തില്ലെന്നും അതിനാല്‍ തന്നെ ബീഹാറിന്റെ ഭരണത്തിന് ചുക്കാന്‍ പിടിക്കുന്നത് ലാലുവായിരുന്നേനെ എന്നും  ഉമാഭാരതി അഭിപ്രായപ്പെട്ടു.

'തേജസ്വി വളരെ നല്ല കുട്ടിയാണ്. പക്ഷേ ബീഹാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയാണ് ഉണ്ടായത്. കാരണം ബീഹാറിനെ നയിക്കാന്‍ തേജസ്വിക്കാവില്ല. ഫലത്തില്‍ ബീഹാറിന്റെ ഭരണത്തില്‍ ലാലു പ്രസാദ് യാദവ് ചുക്കാന്‍ പിടിക്കുകയും അദ്ദേഹം ബീഹാറിനെ പിന്നോക്കാവസ്ഥയിലേക്ക് നയിക്കുകയും ചെയ്‌തേനെ. തേജസ്വിക്ക് പ്രായമാകുമ്പോള്‍ ഭരിക്കാനാകുമെന്നും ഉമാഭാരതി. ഭോപ്പാലില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. 

കമല്‍നാഥ് ഈ തിരഞ്ഞെടുപ്പില്‍ വളരെ നന്നായി മത്സരിച്ചു. സര്‍ക്കാരിനെ നല്ല രീതിയില്‍ നയിച്ചിരുന്നെങ്കില്‍  ഇത്രയും പ്രശ്‌നങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നും ഉമാഭാരതി പറഞ്ഞു. വളരെ മാന്യനായ വ്യക്തിയാണ്‌ തന്റെ മൂത്ത സഹോദരനെ പോലെ ആണ് കമല്‍നാഥ്‌. വളരെ തന്ത്രപരമായാണ് അദ്ദേഹം ഈ ഇലക്ഷനില്‍ പോരാടിയതെന്നും ഉമാഭാരതി വ്യക്തമാക്കി. 

മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ 19 സീറ്റുകളില്‍ ബിജെപി മികച്ച വിജയം നേടിയതിന് തൊട്ടുപിന്നാലെയായിരുന്നു ഉമാഭാരതിയുടെ പ്രതികരണം. സംസ്ഥാനത്ത്  ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസ് വിജയിച്ചത്.