ഭാര്യ റേച്ചൽ (രാജശ്രീ), തേജസ്വി യാദവ് എന്നിവർ പട്‌ന വിമാനത്താവളത്തിൽ | Photo: PTI
പട്‌ന: ആഡംബരമില്ലാതെ വിവാഹം നടത്തിയതിന്റേയും ഭാര്യയുടെ പേര് മാറ്റിയതിന്റേയും കാരണം വെളിപ്പെടുത്തി ബിഹാര്‍ പ്രതിപക്ഷ നേതാവും ലാലു പ്രസാദ് യാദവിന്റെ മകനുമായ തേജസ്വി യാദവ്. നീണ്ടകാലമായി സുഹൃത്തായിരുന്ന റേച്ചല്‍ ഗൊഡീഞ്ഞോയെ ഡല്‍ഹിയില്‍ വെച്ച് വിവാഹം കഴിച്ച ശേഷം കഴിഞ്ഞ ദിവസം ബിഹാറിലെത്തിയ ശേഷമായിരുന്നു പ്രതികരണം. ഭാര്യ റേച്ചലിന്റെ പേര് രാജശ്രീ എന്ന് പുനര്‍നാമകരണം ചെയ്തത് ബിഹാറിലെ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ വിളിക്കാന്‍ വേണ്ടിയാണെന്നും തേജസ്വി പറഞ്ഞു.
ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തതില്‍ പ്രതിഷേധിച്ച് നിന്ന അമ്മാവന്‍ സാധു യാദവിന്റെ നടപടിയെക്കുറിച്ചും തേജസ്വി പ്രതികരിച്ചു. അമ്മാവന്‍ പറഞ്ഞ കാര്യങ്ങളെ കുറിച്ച് വ്യക്തിപരമായ പരാമര്‍ശങ്ങള്‍ക്ക് തയ്യാറല്ലെന്നും ഇപ്പോഴും അദ്ദേഹത്തെ ബഹുമാനിക്കുന്നു എന്നുമായിരുന്നു പ്രതികരണം. ഇത്തരത്തില്‍ ജാതി മത ചിന്താഗതികള്‍ യുവാക്കളില്‍ ഇല്ലെന്നും അത്തരം കാര്യങ്ങളെ വേര്‍തിരിവായി മാത്രമേ കാണാന്‍ കഴിയുകയുള്ളൂവെന്നും തേജസ്വി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയില്‍ വെച്ച് വളരെ ലളിതമായി വിവാഹം നടത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വി.ഐ.പികളെ പങ്കെടുപ്പിക്കുന്ന ചടങ്ങായാല്‍ അവരെ സ്വീകരിക്കുന്നതിനും മറ്റുമായി ഒരുപാട് സമയം മാറ്റിവയ്‌ക്കേണ്ടി വരും. രണ്ട് കുടുംബങ്ങള്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങാകുമ്പോള്‍ ഇരു വീട്ടുകാര്‍ക്കും കൂടുതല്‍ അടുക്കാനും പരസ്പരം മനസ്സിലാക്കാനും കഴിയും. അതുകൊണ്ടാണ് അത്തരമൊരു തീരുമാനമെടുത്തതെന്നും തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുക എന്ന ഉദ്ദേശവും അതിഥികളുടെ എണ്ണം കുറച്ചതിന് പിന്നിലുണ്ട്. അതേസമയം ബിഹാറില്‍ ഒരു വിവാഹ സല്‍ക്കാരം പദ്ധതിയിട്ടിട്ടുണ്ട്. വീട്ടുകാര്‍ കൂടിയാലോചിച്ച ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാകും. സഹോദരന്‍ തേജ് പ്രതാപിന്റെ വിവാഹ ചടങ്ങിന് ലാലുവിനെ സ്‌നേഹിക്കുന്ന നിരവധിപേര്‍ ഒഴുകിയെത്തിയതും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അമ്മാവന്‍ സാധു യാദവ് കാരണം ലാലു പ്രസാദ് യാദവിന് ഒരുപാട് ചീത്തപ്പേര് കേള്‍ക്കേണ്ടിവന്നുവെന്ന് തോജസ്വിയുടെ സഹോദരന്‍ തേജ് പ്രതാപ് പറഞ്ഞു.
Content Highlights: tejashwi yadav on his low key wedding and renaming of wife
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..