പാലം തകർന്നുവീഴുന്ന ദൃശ്യം | Video Screengrab, തേജസ്വി യാദവ് | Photo : ANI
പട്‌ന: ബിഹാറിലെ ഭഗല്‍പുരില്‍ ഗംഗാനദിയ്ക്ക് കുറുകെ നിര്‍മാണത്തിലിരുന്ന പാലം തകര്‍ന്നുവീണ സംഭവത്തിൽ വിശദീകരണവുമായി ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. പാലത്തിന്റെ രൂപകല്‍പനയില്‍ ഗുരുതരപിഴവുകള്‍ വിദഗ്ധര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പാലം തകര്‍ക്കുകയായിരുന്നെന്ന് തേജസ്വി യാദവ് വ്യക്തമാക്കി. ഞായറാഴ്ചയാണ് അഗുവാനി-സുല്‍ത്താന്‍ഗഞ്ജ് പാലം തകർന്നുവീണത്. വിഷയത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
പാലത്തിന്റെ രൂപകല്‍പനയില്‍ സാരമായ സാങ്കേതികപാളിച്ചകളുണ്ടെന്ന് റൂര്‍ക്കി ഐഐടിയില്‍ നിന്നുള്ള സാങ്കേതികവിദഗ്ധര്‍ കണ്ടെത്തിയതായും അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാലത്തിന്റെ തൂണിന്റെ ഒരുഭാഗം തകര്‍ത്തിരുന്നതായും തേജസ്വി പറഞ്ഞു. 2022-ല്‍ ഇടിമിന്നലേറ്റ് പാലത്തിന്റെ ഒരുഭാഗം തകര്‍ന്നുവീണതിനെ തുടര്‍ന്നാണ് ഐഐടിയില്‍ നിന്നുള്ള വിദഗ്ധസംഘത്തെ പരിശോധനക്കായി നിയോഗിച്ചതെന്നും റോഡ് നിര്‍മാണവകുപ്പ് സെക്രട്ടറി പ്രത്യായ് അമൃതിനോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തേജസ്വി അറിയിച്ചു.
കഴിഞ്ഞകൊല്ലം ഏപ്രില്‍ 30-നായിരുന്നു പാലത്തിന്റെ ഭാഗം അടര്‍ന്നുവീണത്. അക്കാലത്ത് പ്രതിപക്ഷനേതാവായിരുന്ന താന്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നതായും അധികാരത്തിലെത്തിയ ഉടനെ ഇതേക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായും അദ്ദേഹം പറഞ്ഞു. വിദഗ്ധാഭിപ്രായം തേടി റൂര്‍ക്കി ഐഐടിയെ സമീപിക്കുകയും അവരതില്‍ പഠനം നടത്തുകയും ചെയ്തിരുന്നെന്നും തേജസ്വി പറഞ്ഞു. അന്തിമറിപ്പോര്‍ട്ട് ഇനിയും ലഭ്യമായിട്ടില്ലെങ്കിലും ഗുരുതര പാകപ്പിഴവുകള്‍ വിദഗ്ധസംഘം ചൂണ്ടിക്കാട്ടിയിരുന്നതായും തേജസ്വി കൂട്ടിച്ചേര്‍ത്തു.
1,710 കോടി രൂപയാണ് പാലത്തിന്റെ നിര്‍മാണച്ചിലവ്. ഖഗാരിയയെ ഭഗല്‍പുരുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നുവീഴുന്നതിന്റെ വീഡിയോ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് പ്രതിപക്ഷകക്ഷിയായ ബിജെപി സർക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ രാജി വെക്കണമെന്നും സംഭവത്തില്‍ അന്വേഷണം വേണമെന്നും ബിജെപി ആവശ്യപ്പെട്ടു.
Content Highlights: Bihar bridge Collapse ,Tejashwi Yadav


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..