1. ഇ.ഡി പരിശോധന നടത്തുന്ന വീടിനുപുറത്ത് സുരക്ഷാ ഉദ്യോഗസ്ഥർ 2. തേജസ്വി യാദവ് | Photo - ANI, PTI
പട്‌ന: ജോലിക്കു പകരം ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി. നേതാവുമായി തേജസ്വി യാദവിനോട് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ സി.ബി.ഐ. നിര്‍ദേശം. മാര്‍ച്ച് നാലിന് വിളിച്ചിരുന്നെങ്കിലും തേജസ്വി ഹാജരായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് ശനിയാഴ്ച വീണ്ടും വിളിപ്പിച്ചത്. രാവിലെയെത്താനാണ് നിര്‍ദേശം നല്‍കിയതെങ്കിലും തേജസ്വി ഇതുവരെ സി.ബി.ഐ. ആസ്ഥാനത്ത് എത്തിയിട്ടില്ല.
കഴിഞ്ഞ ദിവസം തേജസ്വി യാദവിന്റെ ഡല്‍ഹിയിലെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലെ വസതിയിലടക്കം 24 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പരിശോധന നടത്തിയിരുന്നു. യു.എസ്. ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളും 53 ലക്ഷം രൂപയും അരക്കിലോ സ്വര്‍ണക്കട്ടിയും ഒന്നരക്കിലോ സ്വര്‍ണാഭരണങ്ങളും ലാലുപ്രസാദ് യാദവ് കുടുംബത്തില്‍നിന്ന് പിടിച്ചെടുത്തു. മറ്റു പ്രധാനപ്പെട്ട രേഖകളും ഉപകരണങ്ങളും പരിശോധന നടത്തിയ വീടുകളില്‍നിന്ന് കണ്ടെടുത്തതായും ഇ.ഡി. വ്യക്തമാക്കി.
ലാലുപ്രസാദിന്റെ മക്കളായ തേജസ്വി, രാഗിണി, ചാന്ത, ഹേമ എന്നിവരുടെ വീടുകളിലാണ് പരിശോധന നടന്നത്. മകള്‍ രാഗിണിയുടെ ഭര്‍ത്താവും എസ്.പി. നേതാവുമായ ജിതേന്ദ്ര യാദവിന്റെ വീട്ടിലും ആര്‍.ജെ.ഡി. മുന്‍ എം.എല്‍.എ.യും ലാലുവിന്റെ ഉറ്റസുഹൃത്തുമായ അബു ദോജനയുടെ വീട്ടിലും ഇ.ഡി. പരിശോധന നടത്തി.
ജോലിക്കു പകരം ഭൂമി അഴിമതിയുമായി ബന്ധപ്പെട്ടുള്ള സി.ബി.ഐ. അന്വേഷണത്തിന്റെ തുടര്‍ച്ചയായാണ് ഇ.ഡി.യുടെ പരിശോധന. പിതാവ് ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ യാദവ് കുടുംബത്തിന് സമ്മാനമായോ കുറഞ്ഞ വിലക്കോ ഭൂമി നല്‍കിയിരുന്നവര്‍ക്ക് റെയില്‍വേയില്‍ ജോലി നല്‍കിയിരുന്നു. ഈ കേസിലാണ് സി.ബി.ഐ. അന്വേഷണവും ഇ.ഡി.യുടെ പരിശോധനയും നടക്കുന്നത്. സംഭവത്തില്‍ ലാലുപ്രസാദ് യാദവ്, ഭാര്യ റാബ്‌റി ദേവി എന്നിവര്‍ക്കെതിരെയും കേസുണ്ട്.
Content Highlights: tejashwi yadav called for questioning by cbi in land for jobs case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..