പട്ന: ബീഹാര്‍ മുന്‍ ആരോഗ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഇളയ മകനുമായ തേജ് പ്രതാപ് യാദവിനെക്കുറിച്ച് വെളിപ്പെടുത്തലുകളുമായി ഭാര്യ. തേജ് പ്രതാപ് കഞ്ചാവിന് അടിമയാണെന്നും വിചിത്രമായ സ്വഭാവങ്ങളുള്ള ആളാണെന്നും ഭാര്യ ഐശ്വര്യ റായി വെളിപ്പടുത്തി. തേജ് പ്രതാപുമായുള്ള വിവാഹമോചന ഹര്‍ജിയുമായി ബന്ധപ്പെട്ട് കോടതിയിലാണ് അവര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
തേജ് പ്രതാപുമായുള്ള വിവാഹത്തിനു ശേഷം ഉടൻ തന്നെ തേജ്പ്രതാപ് മയക്കുമരുന്നിന് അടിമയാണെന്ന് വ്യക്തമായതായി ഐശ്വര്യ പറയുന്നു. സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുകയും താന്‍ ഭഗവാന്‍ ശിവന്റെ അവതാരമാണെന്ന് സ്വയം അവകാശപ്പെടുകയും ചെയ്യുമായിരുന്നെന്നും അവര്‍ പറയുന്നു.
ചിലപ്പോള്‍ കൃഷ്ണനെ പോലെയും മറ്റുചിലപ്പോള്‍ ശിവനപ്പോലെയും വേഷം ധരിക്കും. വിവാഹത്തിനു ശേഷം അടുത്ത ദിവസങ്ങളില്‍ത്തന്നെ ദൈവങ്ങളുടെ വേഷം ധരിക്കുന്ന പതിവ് ശ്രദ്ധയില്‍പ്പെട്ടിരുന്നു. എന്നുമാത്രമല്ല, ചിലപ്പോള്‍ മയക്കുമരുന്ന് ഉപയോഗിച്ചാല്‍ പാവാടയും ബ്ലൗസും ധരിക്കുകയും നീളമുള്ള കൃത്രിമ മുടിയും ചമയങ്ങളും അണിഞ്ഞ് രാധയായി വേഷം മാറുകയും ചെയ്യും- ഐശ്വര്യ കോടതിയില്‍ പറഞ്ഞു.
മയക്കുമരുന്ന് ഉപയോഗിക്കരുതെന്ന് തേജ് പ്രതാപിനോട് പറഞ്ഞു നോക്കിയെങ്കിലും കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. 'കഞ്ചാവ് ഭഗവാന്‍ ശിവന്റെ പ്രസാദമാണ്. അത് ഉപയോഗിക്കരുതെന്ന് പറയാന്‍ പാടില്ല' എന്നായിരുന്നു തേജ് പ്രതാപിന്റെ പ്രതികരണം. തേജ് പ്രതാപിന്റെ ലഹരി ഉപയോഗവും വിചിത്രമായ പെരുമാറ്റരീതികളും അദ്ദേഹത്തിന്റെ മാതാവിന്റെയും സഹോദരിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സ്വഭാവം മാറുമെന്ന് ആശ്വസിപ്പിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ ഒരു മാറ്റവും ഉണ്ടായില്ലെന്നും ഐശ്വര്യ പറയുന്നു.
2018 മേയ് മാസത്തിലാണ് തേജ് പ്രതാപും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത്. അഞ്ച് മാസത്തിനു ശേഷം പട്നയിലെ കോടതിയില്‍ വിവാഹ മോചന ഹര്‍ജി നല്‍കി.
Content Highlights: Tej Pratap Yadav a drug addict, wore 'ghagra-choli', alleges wife Aishwarya Rai