മുംബൈ: ഓണ്‍ലൈന്‍ കോഡിംഗ് ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന് രാജസ്ഥാനില്‍ നിന്നുള്ള വിദ്യാര്‍ഥിയെ മുംബൈ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പതിനഞ്ച് വയസുള്ള ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രതി. സൈനിക ഉദ്യോഗസ്ഥന്റെ മകനായ വിദ്യാര്‍ഥിക്ക് കമ്പ്യൂട്ടറിനേക്കുറിച്ച് നല്ല അറിവുണ്ടെന്ന് പോലീസ് പറഞ്ഞു. 

ഫെബ്രുവരി 15നും മാര്‍ച്ച് 2നും ഇടയില്‍ ഇ-കോഡിങ് ക്ലാസിനിടയില്‍ നിവധി തവണ വിദ്യാര്‍ഥി നഗ്നതാ പ്രദര്‍ശനം നടത്തിയിരുന്നു. ഒന്നിലധികം തവണ ഇതാവര്‍ത്തിച്ചതിനേ തുടര്‍ന്ന് കോഡിംഗ് ഇന്‍സ്ട്രക്ടര്‍മാര്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. എന്നാല്‍ തുടര്‍ന്ന് മുംബൈ, സകിനാക പോലീസ് സ്റ്റേഷനില്‍ ഇവര്‍ കേസ് ഫയല്‍ ചെയ്യുകയായുരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി രാജസ്ഥാനിലാണെന്ന് തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം പോലീസ് സംഘം രാജസ്ഥാനിലെത്തി. എന്നാല്‍ പോലീസ് സ്ഥലം കണ്ടെത്തിയപ്പോഴേക്കും വിദ്യാര്‍ഥി മറ്റൊരു സ്ഥലത്തേക്ക് മാറിയിരുന്നു. മെയ് 30ന് വീണ്ടും ഇയാള്‍ നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ പോലീസ് സ്ഥലം തിരിച്ചറിയുകയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. 

ഐപി അഡ്രസ് ട്രാക്ക് ചെയ്യാതിരിക്കാനുള്ള മുന്‍കരുതല്‍ സംവിധാനങ്ങള്‍ വിദ്യാര്‍ഥിയുടെ ലാപ്‌ടോപ്പിലുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. മുഖം സ്‌ക്രീനില്‍ വരാതിരിക്കാന്‍ ഇയാള്‍ ശ്രദ്ധിച്ചിരുന്നുവെങ്കിലും ഒരു അവസരത്തില്‍ അധ്യാപിക എടുത്ത ഒരു ചിത്രം കേസ് അന്വേഷണത്തില്‍ സഹായിച്ചതായും പോലീസ് പറഞ്ഞു. തമാശയ്ക്കായി ചെയ്തതാണിതെന്നാണ് ചോദ്യം ചെയ്യലില്‍ വിദ്യാര്‍ഥി പറഞ്ഞതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

Content Highlights: Teen who flashed private parts in virtual classroom traced in Rajasthan