ഝാന്‍സി (ഉത്തര്‍പ്രദേശ്): ഝാന്‍സിയിലെ കോളേജ് കാമ്പസില്‍വച്ച് 17-കാരിയെ ബലാത്സംഗം ചെയ്തുവെന്ന് പരാതി. ഉത്തര്‍പ്രദേശ് പ്രൊവിന്‍ഷ്യല്‍ സിവില്‍ സര്‍വീസ് (പിസിഎസ്) പ്രാഥമിക പരീക്ഷ ഞായറാഴ്ച കോളേജില്‍ നടന്നതിനിടെയാണ് സംഭവമുണ്ടായത്. 

സുഹൃത്തിനെ കാണാന്‍പോയ തന്നെ ഒരുസംഘം യുവാക്കള്‍ ബലംപ്രയോഗിച്ച് കോളേജ് കാമ്പസിലേക്ക് കൊണ്ടുപോയാണ് ഉപദ്രവിച്ചതെന്ന് പത്താംക്ലാസ് വിദ്യാര്‍ഥിനി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. സംഘത്തിലൊരാള്‍ തന്നെ മാനഭംഗപ്പെടുത്തി. മറ്റുള്ളവര്‍ അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി. കൈവശമുണ്ടായിരുന്ന 2000 രൂപ പിടിച്ചുവാങ്ങി. ആണ്‍ സുഹൃത്തിനെ മര്‍ദ്ദിച്ചു. സംഭവത്തെപ്പറ്റി ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ ദൃശ്യങ്ങള്‍ വൈറലാക്കുമെന്ന് അക്രമിസംഘം ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. 

കേസിലെ മുഖ്യ പ്രതികളായ രോഹിത് സൈനി, ഭരത് കുശ്വാഹ എന്നിവരടക്കം എട്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് കുറ്റകൃത്യത്തില്‍ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. പെണ്‍കുട്ടി കോളേജ് കാമ്പസിനകത്ത് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. കോളേജില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം സിവില്‍ സര്‍വീസ് പരീക്ഷയുടെ തിരക്കിലായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം. 

പെണ്‍കുട്ടിയുടെ കരച്ചില്‍കേട്ട പോലീസുകാര്‍ ഉടന്‍ സമീപത്തെ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് വിവരങ്ങള്‍ മുഴുവന്‍ പുറത്തുവന്നത്. കൂട്ടബലാത്സംഗം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കോളേജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥികളാണ് കുറ്റാരോപിതരെന്ന് പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

കടപ്പാട് - Hindustan Times

 

Content Highlights: Teen raped in college campus while UP civil service exam was underway