ഭോപ്പാല്‍:  കൂട്ടബലാത്സംഗത്തെ അതിജീവിച്ച് ഓടി രക്ഷപ്പെടുന്നതിനിടയില്‍ 18കാരി തീവണ്ടി കയറി മരിച്ചു. തിങ്കളാഴ്ച നടന്ന സംഭവത്തെ കുറിച്ച് പെണ്‍കുട്ടിയുടെ അച്ഛനാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലെ ഗോവിന്ദപുര ഗ്രാമത്തിലാണ് സംഭവം.

തിങ്കളാഴ്ച്ച പുലര്‍ച്ചെ ഏതാണ്ട് 5.30ന് ഗ്രാമത്തിലെ രണ്ട് പുരുഷന്‍മാര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എല്ലാ വീടുകളിലും കക്കൂസുകളില്ലാത്ത ഗ്രാമത്തിൽ പെൺകുട്ടികൾ പുലർച്ചെ വെളിക്കിരിക്കാൻ പോവുന്നത് ഇവിടെ പതിവാണ്. ബലാത്സംഗശ്രമത്തെ ചെറുത്തു കൊണ്ട് പെൺകുട്ടി  രക്ഷപ്പെട്ടോടിയത് റെയില്‍വേ ട്രാക്കിലേക്കായിരുന്നു. ഓടുന്നതിനിടയില്‍  തീവണ്ടിയിടിച്ച് മകള്‍ മരിക്കുകയായിരുന്നെന്നാണ് കുട്ടിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞത്. 

യഥാര്‍ഥ സംഭവം എന്താണെന്ന നിഗമനത്തില്‍ ഇതുവരെ പോലീസിന് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നുമാണ് പോലീസ് പറയുന്നത്.

മരണം നടന്ന ഉടനെ പെണ്‍കുട്ടിയുടെ അച്ഛന്‍ മറ്റൊരു രീതിയിലാണ് സംഭവം പോലീസിന് മുന്നില്‍ അവതരിപ്പിച്ചത്. പ്രദേശത്തെ രണ്ട് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തീവണ്ടിക്ക്‌ മുന്നിലേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസിനോട് പെണ്‍കുട്ടിയുടെ പിതാവ് ആദ്യം പറഞ്ഞത്. ഇത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നുണ്ട്. മാത്രമല്ല പെണ്‍കുട്ടിയുടെ ശവസംസ്‌കാരത്തിന് ശേഷമാണ് പിതാവ് ആരോപണവുമായി വന്നതെന്നും പോലീസ് പറയുന്നു.

കക്കൂസുകളില്ലാത്ത ഉത്തരേന്ത്യന്‍ ഗ്രാമങ്ങളുടെ ഇരയാണ് മരണപ്പെട്ട ഈ പതിനെട്ടുകാരി. ഗ്രാമത്തിലെ ഭൂരിഭാഗം വീടുകള്‍ക്കും കക്കൂസുകളും കുളിമുറികളുമില്ലാത്തതിനാല്‍ തന്നെ ഇത്തരം സംഭവങ്ങള്‍ ഇവിടെ സാധാരണമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.

സംസ്ഥാനത്തെ 1.12 കോടി വീടുകളില്‍ 52% ത്തിനും കക്കൂസുകളില്ല. സ്വച്ഛ് ഭാരതില്‍ ഉള്‍പ്പെടുത്തി 20 ലക്ഷം കക്കൂസുകള്‍ രണ്ട് വര്‍ഷത്തിനകം സംസ്ഥാനത്ത് നിര്‍മ്മിച്ചിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങൾ പറയുന്നത്.