നന്ദൻകുമാർ. Photo: twitter.com/_sirius93_
ബെംഗളൂരു: വിമാനത്താവളത്തില്‍നിന്ന് നഷ്ടമായ ലഗേജ് എയര്‍ലൈന്‍ കമ്പനിയുടെ വെബ്സൈറ്റ് 'ഹാക്ക്' ചെയ്ത് കണ്ടെത്തിയെന്ന് യുവ എന്‍ജിനീയര്‍. ബെംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ നന്ദന്‍കുമാറാണ് തന്റെ ലഗേജ് വീണ്ടെടുക്കാനായി ഇന്‍ഡിഗോ വിമാനകമ്പനിയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
ഇന്‍ഡിഗോ അധികൃതര്‍ തന്റെ പരാതിയില്‍ യാതൊരു നടപടിയും സ്വീകരിക്കാതിരുന്നതോടെയാണ് ഇത്തരം മാര്‍ഗം സ്വീകരിച്ചതെന്നും ഒടുവില്‍ മറ്റൊരു യാത്രക്കാരനില്‍നിന്ന് തന്റെ ലഗേജ് കണ്ടെത്തിയെന്നുമാണ് നന്ദന്‍കുമാറിന്റെ അവകാശവാദം. ബെംഗളൂരുവില്‍ വിമാനം ഇറങ്ങിയത് മുതല്‍ ലഗേജ് കണ്ടെത്തുന്നത് വരെയുള്ള സംഭവങ്ങളെല്ലാം യുവാവ് ട്വീറ്ററിലൂടെ വിശദീകരിച്ചിട്ടുമുണ്ട്.
മാര്‍ച്ച് 27-നാണ് നന്ദന്‍കുമാര്‍ പട്നയില്‍നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍വെച്ച് നന്ദന്‍കുമാറിന്റെ ബാഗും മറ്റൊരു യാത്രക്കാരന്റെ ബാഗും മാറിപ്പോയി. ഒരേ രൂപസാദൃശ്യമുള്ള ബാഗുകളായതിനാല്‍ ഇരുവരും ബാഗുകള്‍ മാറിയെടുക്കുകയായിരുന്നു. ലഗേജ് മാറിയെന്ന് മനസിലായതോടെ വീട്ടിലെത്തിയ നന്ദന്‍കുമാര്‍ കസ്റ്റമര്‍ കെയര്‍ ടീമിനെ പരാതി അറിയിച്ചു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പരാതിയില്‍ നടപടിയുണ്ടായില്ല.
ബാഗ് മാറിയെടുത്ത യാത്രക്കാരന്റെ ഫോണ്‍നമ്പര്‍ നല്കാന് അഭ്യര്‍ഥിച്ചെങ്കിലും സ്വകാര്യതയും സുരക്ഷകാര്യങ്ങളും കണക്കിലെടുത്ത് അത് നല്കാനാവില്ലെന്നായിരുന്നു ഇന്‍ഡിഗോയുടെ മറുപടി. എന്നാല്‍ പിറ്റേദിവസമായിട്ടും പരാതിയില്‍ യാതൊരു നടപടിയും ഉണ്ടായില്ല. കസ്റ്റമര്‍ കെയറില്‍നിന്ന് ഒരാള്‍പോലും വിളിച്ചില്ലെന്നും നന്ദന്‍കുമാറിന്റെ ട്വീറ്റില്‍ പറയുന്നു. ഇതിനുപിന്നാലെയാണ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ യുവാവ് സ്വന്തംനിലയില്‍ യാത്രക്കാരന്റെ വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചത്.
നന്ദന്‍കുമാര്‍ മാറിയെടുത്ത ബാഗില്‍ അതിന്റെ ഉടമയുടെ പി.എന്‍.ആര്. നമ്പര്‍ ഉണ്ടായിരുന്നു. ഈ നമ്പര്‍ ഉപയോഗിച്ചാണ് യുവാവ് ഇന്‍ഡിഗോ വെബ്സൈറ്റില്‍നിന്ന് ഫോണ്‍നമ്പറും വിലാസവും കണ്ടെത്താന്‍ ശ്രമിച്ചത്. ബുക്കിങ് എഡിറ്റ് ചെയ്തും കോണ്ടാക്ട് അപേഡ്റ്റ് ചെയ്യാന്‍ ശ്രമിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ ശ്രമിച്ചതുമെല്ലാം ആദ്യം പരാജയപ്പെട്ടു. തുടര്‍ന്നാണ് യാത്രക്കാരന്റെ ഫോണ്‍നമ്പറടക്കം കണ്ടെത്തിയത്.
'പരാജയപ്പെട്ട എല്ലാ പരിശ്രമങ്ങള്‍ക്കും ശേഷം എന്നിലെ ഡെവലപ്പറുടെ സഹജവാസന ഉണര്‍ന്നു. ഞാന്‍ കമ്പ്യൂട്ടറിലെ F12 കീ അമര്‍ത്തുകയും ഇന്‍ഡിഗോ വെബ്സൈറ്റിന്റെ ഡെവലപ്പര്‍ കണ്‍സോള്‍ തുറക്കുകയും ചെയ്തു'.- നന്ദന്‍കുമാര്‍ ട്വീറ്റില്‍ പറഞ്ഞു. തുടര്‍ന്ന് വെബ്സൈറ്റില്‍നിന്ന് യാത്രക്കാരന്റെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയെന്നും ഇദ്ദേഹത്തെ ഫോണില്‍വിളിച്ച് ബന്ധപ്പെട്ടെന്നും ട്വീറ്റില്‍ പറയുന്നു.
നന്ദന്‍കുമാറിന്റെ വീട്ടില്‍നിന്നും 6-7 കിലോമീറ്റര്‍ അകലെയായിരുന്നു ഈ യാത്രക്കാരന് താമസിച്ചിരുന്നത്. വഴിയില്‍വെച്ച് പരസ്പരം കാണാമെന്നും ബാഗുകള്‍ കൈമാറാമെന്നും ഇവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ഇരുവരും നേരിട്ടെത്തി ബാഗുകള്‍ കൈമാറുകയും ചെയ്തു. എന്നാല്‍ ആ സമയം വരെയും ബാഗ് മാറിയെടുത്ത യാത്രക്കാരനെ ഇന്‍ഡിഗോ അധികൃതര്‍ ഒരിക്കല്‍പോലും ഫോണില്വിളിച്ചിരുന്നില്ലെന്നും നന്ദന്‍കുമാറിന്റെ ട്വീറ്റിലുണ്ട്. ഇന്ഡിഗോയില്നിന്ന് ഒരു ഫോണ്‍കോള്‍ പോലും ലഭിച്ചില്ലെന്നാണ് യാത്രക്കാരന് തന്നോട് പറഞ്ഞതെന്നാണ് നന്ദന്‍കുമാറിന്റെ വെളിപ്പെടുത്തല്‍. ഈ സംഭവങ്ങളെല്ലാം വിശദീകരിച്ചുള്ള ട്വീറ്റുകള്‍ക്കൊപ്പം ഇന്‍ഡിഗോയുടെ വെബ്സൈറ്റ് മികച്ചതാക്കാനുള്ള ചില നിര്‍ദേശങ്ങളും യുവ എന്‍ജിനീയര്‍ മുന്നോട്ടുവെച്ചിരുന്നു.
അതേസമയം, നന്ദന്കുമാറിന് നേരിട്ട അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച് ഇന്‍ഡിഗോ മറുപടി നല്‍കിയിട്ടുണ്ട്. തങ്ങളുടെ വെബ്സൈറ്റില്‍ സുരക്ഷാവീഴ്ചകളില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇന്‍ഡിഗോയുടെ മറുപടിയില്‍ പറയുന്നു.
Content Highlights: techie youth hacks indigo website to found his luggage
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..