ഉദ്ധവ് താക്കറെ, ഏക്നാഥ് ഷിന്ദേ | Photo : PTI
മുംബൈ: ഭൂരിപക്ഷം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ ശിവസേനയിലെ ഉദ്ദവ് താക്കറെ, ഷിന്ദേ വിഭാഗങ്ങളോട് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്. ഓഗസ്റ്റ് എട്ടിനുമുമ്പ് രേഖകള്‍ ഹാജരാക്കാനാണ് ആവശ്യപ്പട്ടിരിക്കുന്നത്. ഇതിന് ശേഷം വിഷയം ഭരണഘടനാ സ്ഥാപനം പരിശോധിക്കും.
രണ്ട് വിഭാഗങ്ങളോടും എന്താണ് പാര്‍ട്ടിയിലുണ്ടായ തര്‍ക്കമെന്നതിനെ കുറിച്ചും ബി.ജെ.പിയുടെ പിന്തുണയോടെ ഏക്നാഥ് ഷിന്ദേ സര്‍ക്കാര്‍ രൂപവത്കരിച്ചതിനെ കുറിച്ചും വിശദമാക്കുന്ന എഴുതി തയ്യാറാക്കിയ രേഖകള്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന് ഏക്നാഥ് ഷിന്ദേ അയച്ച കത്തില്‍ തനിക്ക് ആകെയുള്ള 55 എം.എല്‍.എമാരില്‍ 40 പേരുടെ പിന്തുണയുണ്ടെന്നും 18 എം.പിമാരില്‍ 12 പേരുടെ പിന്തുണയുണ്ടെന്നും അവകാശപ്പെട്ടിരുന്നു.
'ശിവസേനയില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്നത് യഥാര്‍ഥ്യമാണ്. അതില്‍ ഒരു ഗ്രൂപ്പിനെ ഷിന്ദേയും മറ്റൊരു ഗ്രൂപ്പിനെ ഉദ്ധവ് താക്കറേയും നയിക്കുന്നു. രണ്ടുപേരും തങ്ങളാണ് യഥാര്‍ഥ ശിവസേനയെന്നാണ് അവകാശപ്പെടുന്നത്. അവരുടെ നേതാക്കള്‍ ആരോപണ വിധേയരാണ്' - രണ്ട് ഗ്രൂപ്പുകള്‍ക്കുമയച്ച കത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ചൂണ്ടിക്കാട്ടി.
രണ്ടുഗ്രൂപ്പുകളും പറയുന്നത് പോലെ അവരുടെ അവകാശങ്ങളും താല്പര്യങ്ങളും സംരക്ഷിക്കപ്പെടണമെങ്കില്‍ യഥാര്‍ഥ വസ്തുകള്‍ വ്യക്തമാവണം. അതുകൊണ്ടു തന്നെ രേഖകള്‍ അടിയന്തരമായി സമര്‍പ്പിക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടു.
ഉദ്ധവ് താക്കറെ വിഭാഗത്തെ നിയമസഭയില്‍ നിന്നും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് ഷിന്ദേ ക്യാമ്പ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി തല്ക്കാലം മുന്നോട്ട് പോവേണ്ടന്നാണ് സുപ്രീകോടതി ജൂലായ് 11-ന് വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..