ലക്‌നോ: ഉത്തര്‍പ്രദേശില്‍ അധ്യാപികയെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ബറേലിയിലൂടെ കടന്നുപോകുന്ന ദേശീയപാത 24-ലാണ് സംഭവം. സ്‌കൂളിലേക്ക് പോവുകയായിരുന്ന പത്തൊമ്പതുകാരിയായ അധ്യാപികയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയായിരുന്നു. 

ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കുടുംബത്തോടൊപ്പം കാറില്‍ സഞ്ചരിക്കുകയായിരുന്ന അമ്മയെയും മകളെയും കൂട്ടബലാത്സംഗം ചെയ്തത് ദേശീയതലത്തില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ നിന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ബുലന്ദ്ശഹറില്‍ നടന്ന സംഭവത്തിന് സമാനമായ രീതിയിലാണ് അധ്യാപികയും ബലാത്സംഗം ചെയ്യപ്പെട്ടിരിക്കുന്നത്.

അധ്യാപികയെ തട്ടിക്കൊണ്ടുപോയ സംഘം ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ വച്ച് ബലാത്സംഗം ചെയ്ത ശേഷം ദേശീയപാതയ്ക്കു സമീപമുള്ള കൃഷിഭൂമിയില്‍ തള്ളുകയായിരുന്നു. ബലാത്സംഗ രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ചുവെന്നും സംഭവം പുറത്തുപറഞ്ഞാല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായി അവര്‍ പോലീസില്‍ മൊഴി നല്‍കി.

സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രതികളെ ഉടന്‍ പിടികൂടുമെന്നും ബറേലി സോണ്‍ ഐ.ജി. വിജയ് സിങ് അറിയിച്ചു. സ്റ്റേഷന്‍ പരിധിയില്‍ അതിക്രമം തടയുന്നതില്‍ പരാജയപ്പെട്ട സി.ബി. ഗഞ്ച് പോലീസ് സ്‌റ്റേഷന്‍ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ രാജേഷ് സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തതായും അദ്ദേഹം അറിയിച്ചു.