മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ വീടിന്റെ പരിസരപ്രദേശങ്ങള്‍ പോലീസ് സീല്‍ ചെയ്തു. ഉദ്യോഗസ്ഥരടക്കമുള്ളയാളുടെ പ്രവേശനം പരിപൂർണ്ണമായി വിലക്കിക്കൊണ്ടാണ് ഈ പ്രദേശം സീൽചെയ്തത്. സമീപപ്രദേശത്തെ ചായവില്‍പനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് നടപടി. ബാന്ദ്രെയിലെ മാതോശ്രീ ടവറിനു സമീപമാണ് സീൽ ചെയ്തത്.

കടുത്ത പനി, ചുമ, ശ്വാസതടസ്സം എന്നിവ നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് 45കാരനായ ചായവിൽപനക്കാരന് രോഗം സ്ഥിരീകരിച്ചത്.ഇയാൾക്ക് മുന്‍കാല യാത്രാചരിത്രമൊന്നുമില്ലാത്തത് അധികൃതരെ കുഴക്കുന്നുണ്ട്. 

മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ള 170 പോലീസ് ഉദ്യോഗസ്ഥരെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പ്രദേശത്ത് നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരടക്കമുള്ളവരെ ക്വാറന്റൈൻ ചെയ്തിട്ടുമുണ്ട്. ചായക്കട സന്ദര്‍ശിച്ച പോലീസുകാരുടെ വിവരങ്ങള്‍ തേടുകയാണ് സർക്കാർ സംവിധാനങ്ങൾ.. 

കോര്‍പറേഷന്‍ ഈ പ്രദേശത്തെല്ലാം അണുനശീകരണി തളിച്ചിട്ടുണ്ട്. തിങ്കളാഴ്ച 57 പുതിയ കോവിഡ് 19 കേസുകളാണ് മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ ആറു വരെയുള്ള കണക്കുകളനുസരിച്ച് 868 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതുവരെ 52 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

content highlights: tea vendor tests positive, Area around Maharashtra CM’s house sealed