ന്യൂഡല്‍ഹി: ജെറ്റ് എയര്‍വേയ്‌സിനെ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ലെന്ന് ടാറ്റ സണ്‍സ്. പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ നടന്നിട്ടുള്ളതെന്നും കമ്പനി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയര്‍വേയ്‌സിനെ ടാറ്റ സണ്‍സ് പൂര്‍ണമായും ഏറ്റെടുക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് കമ്പനിയുടെ വിശദീകരണം. 

ഏറ്റെടുക്കല്‍ സംബന്ധിച്ച് ജെറ്റ് എയര്‍വേയ്‌സ് അധികൃതരുമായി പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് നടന്നത്. ഇക്കാര്യത്തില്‍ ഒരുതരത്തിലുള്ള തീരമാനവും കമ്പനി എടുത്തിട്ടില്ല- ടാറ്റ സണ്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി. 

ഈ സാമ്പത്തികവര്‍ഷം തുടര്‍ച്ചയായി മൂന്നാം പാദത്തിലും നഷ്ടത്തിലേക്കു നീങ്ങുന്ന ജെറ്റ് എയര്‍വേയ്‌സ് പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഓഹരി വില്‍ക്കാന്‍ ടാറ്റയുമായി ചര്‍ച്ച നടത്തിയിരുന്നു. എയര്‍ ഏഷ്യ, വിസ്താര എന്നീ വിമാന സര്‍വീസുകള്‍ വഴി വ്യോമയാന രംഗത്ത് സാന്നിധ്യമറിയിച്ചിട്ടുള്ള ടാറ്റ, ജെറ്റ് എയര്‍വേയ്‌സിന്റെ ഓഹരികള്‍ വാങ്ങാന്‍ തീരുമാനിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു. 

സെപ്റ്റംബര്‍ 30-ന് അവസാനിച്ച മൂന്നുമാസക്കാലത്ത് 1,297.46 കോടി രൂപയാണ് ജെറ്റ് എയര്‍വേയ്സിന്റെ നഷ്ടം. മുന്‍വര്‍ഷം ഇതേകാലയളവില്‍ 49.63 കോടി രൂപ ലാഭമുണ്ടാക്കിയ സ്ഥാനത്താണിത്. ജെറ്റിന്റെ നിയന്ത്രണംകൂടി ലഭിച്ചാല്‍ ഇന്ത്യയുടെ വ്യോമയാന വിപണിയില്‍ ടാറ്റയുടെ വിഹിതം 24 ശതമാനമായി ഉയരും. 43.2 ശതമാനവുമായി ഇന്‍ഡിഗോയാണ് ഒന്നാം സ്ഥാനത്ത്.

Content highlights: Tata, Jet Airways