ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ഏറ്റെടുക്കുന്നതിനായി താത്പര്യപത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി തിങ്കളാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ചു. ടാറ്റ ഗ്രൂപ്പ് അടക്കമുള്ള പല കമ്പനികളും താത്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണ നീക്കങ്ങള്‍ രണ്ടാംഘട്ടത്തിലേക്ക് കടന്നു. വിമാനക്കമ്പനിയുടെ സ്ഥാപകരായ ടാറ്റ ഗ്രൂപ്പ് തന്നെയാണ് താത്പര്യപത്രം സമര്‍പ്പിച്ചവരില്‍ പ്രമുഖര്‍.

എയര്‍ ഇന്ത്യ ജീവനക്കാരുടെ സംഘം, ഇന്ത്യന്‍ വംശജന്റെ നിയന്ത്രണത്തിലുള്ള ന്യൂയോര്‍ക്ക് ആസ്ഥാനമായ സ്ഥാപനം തുടങ്ങിയവയാണ് താത്പര്യപത്രം സമര്‍പ്പിച്ചിട്ടുള്ള മറ്റുസ്ഥാപനങ്ങളെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. താത്പര്യപത്രം സമര്‍പ്പിച്ചവര്‍ 15 ദിവസത്തിനകം തുടര്‍ നടപടികള്‍ സ്വീകരിക്കണം. 2021 ജനുവരി അഞ്ചിന് യോഗ്യരായവരെ പ്രഖ്യാപിക്കും. 

എത്ര കമ്പനികള്‍ താത്പര്യപത്രം സമര്‍പ്പിച്ചുവെന്നോ അവര്‍ ആരൊക്കെയാണെന്നോ ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് (ഡിഐപിഎഎം) വെളിപ്പെടുത്തിയിട്ടില്ല. അവസാന ദിവസമാണ് ടാറ്റ താത്പര്യപത്രം സമര്‍പ്പിച്ചതെന്നാണ് വിവരം. ടാറ്റ ഒറ്റയ്ക്കാണോ മറ്റ് വിമാനക്കമ്പനികള്‍ ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യമാണോ താത്പര്യപത്രം സമര്‍പ്പിച്ചതെന്ന് വ്യക്തമല്ല.

Content Highlights: Tata Sons among multiple bidders in race to buy Air India