ന്യൂഡല്‍ഹി: 68 വര്‍ഷത്തിനു ശേഷം എയര്‍ ഇന്ത്യയുടെ കോക്പിറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ് ടാറ്റാ ഗ്രൂപ്പ്. 1953-ലാണ് ദേശസാത്കരണത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യയെ ഏറ്റെടുത്തത്. ടാറ്റാ ഗ്രൂപ്പിന് 2.8 കോടിരൂപ കൊടുത്താണ് കമ്പനിയുടെ മുഴുവന്‍ ഓഹരികളും അന്ന് സര്‍ക്കാര്‍ വാങ്ങിയത്. ഇന്ന്, അരനൂറ്റാണ്ടിനിപ്പുറം ടാറ്റ എയര്‍ ഇന്ത്യയെ മടക്കി വാങ്ങുമ്പോള്‍ കേന്ദ്രസര്‍ക്കാരിന് നല്‍കിയത് 18,000 കോടിരൂപയും. ടാലാസ് എന്ന ഉപകമ്പനിയുടെ പേരിലാണ് ടാറ്റാ സണ്‍സ് എയര്‍ ഇന്ത്യയെ സ്വന്തമാക്കിയത്. 

ഏറ്റെടുത്തതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ മാനേജ്‌മെന്റ് പുന:സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ടാറ്റ. പ്രൊഫഷണല്‍ മാനേജ്‌മെന്റ് കൊണ്ടുവരിക എന്നതാണ് ടാറ്റ ലക്ഷ്യമിടുന്നത്. ഇതിനായി ടാറ്റയുടെ സഹോദരസ്ഥാപനമായ ടി.സി.എസി(ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസ്)ന്റെ സേവനം തേടും. എയര്‍ ഇന്ത്യയിലേക്ക് എയര്‍ ഏഷ്യയും വിസ്താരയും ലയിപ്പിക്കാനുള്ള ആലോചനയും നടക്കുന്നുണ്ട്. ഒന്നോ രണ്ടോ വര്‍ഷത്തിനു ശേഷമായിരിക്കും ഇക്കാര്യത്തില്‍ അന്തിമനടപടികള്‍ ഉണ്ടാവുക. 

അതേസമയം, എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കുമ്പോള്‍ ജീവനക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് വ്യോമയാനസെക്രട്ടറി രാജീവ് ബന്‍സല്‍ പറഞ്ഞു. ആദ്യത്തെ ഒരു വര്‍ഷം പുതിയ ഉടമയ്ക്ക് ജീവനക്കാരെ പിരിച്ചുവിടാനാകില്ല. രണ്ടാംവര്‍ഷംമുതല്‍ ജീവനക്കാരെ പിരിച്ചുവിടുകയാണെങ്കില്‍ സ്വയം വിരമിക്കല്‍ പദ്ധതി(വി.ആര്‍.എസ്.) ആനുകൂല്യങ്ങള്‍ നല്‍കണം. വിരമിച്ച ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുമെന്നും ബന്‍സല്‍ അറിയിച്ചു.

നിലവില്‍ 12,085 ജീവനക്കാരാണ് എയര്‍ ഇന്ത്യയിലുള്ളത്. ഇതില്‍ 8084 പേര്‍ സ്ഥിരംജീവനക്കാരും 4001 പേര്‍ കരാര്‍ ജീവനക്കാരുമാണ്. ഇതിനുപുറമേ ഉപകമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ 1434 ജീവനക്കാരുണ്ട്. പ്രതിവര്‍ഷം 1000 പേരെന്നനിലയില്‍ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 5000 സ്ഥിരംജീവനക്കാര്‍ വിരമിക്കും.

സുരക്ഷാ ഉറപ്പുകള്‍

  • ആദ്യത്തെ ഒരു വര്‍ഷത്തേക്ക് ജീവനക്കാരെ പിരിച്ചുവിടാന്‍ പുതിയ ഉടമയ്ക്കാകില്ല. ആദ്യത്തെ ഒരു വര്‍ഷം ജീവനക്കാരെ നിലനിര്‍ത്തണം. ഒരു വര്‍ഷത്തിനുശേഷം പിരിച്ചുവിടുകയാണെങ്കില്‍ അവര്‍ക്ക് സ്വയംവിരമിക്കല്‍ പദ്ധതി (വി.ആര്‍.എസ്.) ആനുകൂല്യങ്ങള്‍ നല്‍കണം.
  • ജീവനക്കാര്‍ക്ക് ഗ്രാറ്റ്വിറ്റി, പ്രോവിഡന്റ് ഫണ്ട് എന്നിവ നല്‍കണം. വിരമിച്ച ജീവനക്കാര്‍ക്കും കുടുംബങ്ങള്‍ക്കുമുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ തുടരും. നിലവില്‍ 55,000 പേര്‍ക്ക് മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ട്.
  • പിരിച്ചുവിടുന്നതിനും നിലനിര്‍ത്തുന്നതിനും ജീവനക്കാരുടെ പ്രകടനനിലവാരം ഉള്‍പ്പെടെയുള്ള ഘടകങ്ങള്‍ മാനദണ്ഡമായിരിക്കും

content highlights: tata sold air india to government for 2,8 crore, buy backs for 18,000 crore