ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയെ ടാറ്റ ഗ്രൂപ്പിന് കൈമാറിയേക്കുമെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യക്കായുള്ള ലേലത്തില്‍ ഉയര്‍ന്ന തുക സമര്‍പ്പിച്ചത് ടാറ്റ ഗ്രൂപ്പാണെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിതല സമിതിയാകും  കൈമാറ്റം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കും. മന്ത്രിതല സമിതി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേര്‍ന്ന് ലേലത്തിന് അംഗീകാരം നല്‍കുകയും ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയും ചെയ്യും. 

മന്ത്രിതല സമിതി യോഗം ചേര്‍ന്ന് തീരുമാനം അംഗീകരിച്ചതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച ഓദ്യോഗിക പ്രഖ്യാപനം ഉണ്ടാകുകയുള്ളൂ എന്ന് ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. മന്ത്രിതല സമിതിക്ക് വില്‍പ്പന അംഗീകരിക്കാനുള്ള അധികാരമുണ്ടെന്നും സാങ്കേതികമായി ഇത് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനക്ക് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എയര്‍ഇന്ത്യയ സ്വന്തമാക്കുവാന്‍ ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിങ്ങുമായിരുന്നു രംഗത്തുണ്ടായിരുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച റിസര്‍വ്  തുകയേക്കാള്‍ 3000 കോടി അധികമാണ് ടാറ്റ സമര്‍പ്പിച്ച ലേലത്തുകയെന്നും ഇത് അജിത് സിങ് സമര്‍പ്പിച്ചതിനേക്കാള്‍ 5000 കോടി അധികമാണെന്നുമാണ് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ 15,000 കോടിക്കും 20,000 കോടിക്കും ഇടയിലാണ് റിസര്‍വ് തുകയെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

സ്വകാര്യവല്‍കരണം സംബന്ധിച്ചിച്ച് ലേലത്തില്‍ പങ്കെടുത്ത രണ്ട് കമ്പനികളുമായും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. സെപ്റ്റംബര്‍ 29, 30 തീയതികളിലായിരുന്നു ചര്‍ച്ച. കേന്ദ്ര വ്യോമയാന മന്ത്രാലയം, ഡിപാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റുമെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജുമെന്റ് (ദിപാം), ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് ടാറ്റ ഗ്രൂപ്പ്, സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജിത് സിങ് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തിയത്.

ഇതിനിടെ കമ്പനി നല്‍കിയ താമസ സൗകര്യങ്ങളില്‍ ജീവനക്കാരെ ഒഴിപ്പിക്കണമെന്ന് എയര്‍ ഇന്ത്യയോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. സ്വകാര്യവല്‍കരണത്തിന് ആറ് മാസത്തിനകം ഒഴിയണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കമ്പനി നല്‍കിയിരിക്കുന്ന വിവിധ പാര്‍പ്പിട സൗകര്യങ്ങളില്‍ താമസിക്കുന്ന ജീവനക്കാര്‍ ഒഴിഞ്ഞില്ലെങ്കില്‍ നടപടി സ്വീകരിക്കുമെന്നും പിഴ ഈടാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

Content Highlights: Tata may have emerged as the top bidder for Air India