പ്രതീകാത്മക ചിത്രം |ഫോട്ടോ:PTI
ന്യൂഡല്‍ഹി: വിമാന കമ്പനികളായ വിസ്താരയുടേയും എയര്‍ ഇന്ത്യയുടേയും ഏകീകരണം പ്രഖ്യാപിച്ച് ടാറ്റ ഗ്രൂപ്പ്. ലയനത്തിന്റെ ഭാഗമായി വിസ്താരയില് പങ്കാളിത്തമുള്ള സിംഗപ്പൂര്‍ എയര്‍ലൈന്‍സിന് എയര്‍ ഇന്ത്യയില്‍ 25.1 ശതമാനം ഉമടസ്ഥാവകാശം ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി. 2024 മാര്‍ച്ചോടെയാകും ലയനം പൂര്‍ത്തീകരിക്കുക. 250 മില്യണ്‍ ഡോളര്‍ (2000 കോടി രൂപയിലധികം) ആയിരിക്കും എയര്‍ ഇന്ത്യയില്‍ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ നിക്ഷേപം.
എയര്‍ ഇന്ത്യയെ സര്‍ക്കാരില്‍ നിന്ന് ഏറ്റെടുത്തതിന് ശേഷം റൂട്ടുകളില്‍ കാര്യമായ പുനക്രമീകരണം ടാറ്റ നടത്തിയിരുന്നില്ല. വിസ്താരയുമായുള്ള ലയനത്തോടെ വന്‍ മാറ്റങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിസ്താരയില് നിലവില്‍ ടാറ്റയ്ക്ക് 51 ശതമാനം ഓഹരികളാണുള്ളത്. ബാക്കി 49 ശതമാനം ഓഹരികളാണ് സിംഗപ്പൂര്‍ എയര്ലൈന്സിനുള്ളത്. 2013-ലാണ് ഇരുകമ്പനികളും പങ്കാളിത്തമുണ്ടാക്കിയത്.
സര്‍ക്കാര്‍ ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ഒരു വര്‍ഷം മുമ്പാണ് 18,000 കോടി രൂപയ്ക്ക് എയര്‍ ഇന്ത്യയെ ടാറ്റ വാങ്ങിയത്. എയര്‍ ഇന്ത്യയുടെ ഉപകമ്പനികളേയും ഒറ്റ ബ്രാന്‍ഡില്‍ 2024 ഓടെ കൊണ്ടുവരാനാണ് ടാറ്റ ലക്ഷ്യമിടുന്നത്. ടാറ്റയുടെ ഉടമസ്ഥതയിലുളള ചെലവ് കുറഞ്ഞ സര്‍വീസുകള്‍ നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ്, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയവയും വിസ്താരയ്ക്കൊപ്പം 2024 ഓടെ എയര്‍ ഇന്ത്യ എന്ന ഒറ്റ ബ്രാന്‍ഡിലാകും അറിയപ്പെടുക.
എയര്‍ ഇന്ത്യയുടെ 113, എയര്‍ ഏഷ്യ ഇന്ത്യയുടെ 28, വിസ്താരയുടെ 53, എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ 24 എന്നിങ്ങനെ മൊത്തം വിമാനങ്ങളുടെ എണ്ണം 218 ആണ്.
Content Highlights: Tata Group to merge Air India with Vistara by 2024 as part of key deal
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..