ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉള്‍പ്പടെയുളളവര്‍ കൂട്ടായി നയിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കേരളത്തിന്റെ ചുമതലയുളള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. ഉമ്മന്‍ചാണ്ടിയെ പ്രചാരണസമിതി ചെയര്‍മാനാക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.

'എല്ലാവരും ഒന്നിച്ച് മുന്നോട്ടുപോകണം. എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ അവര്‍ക്ക് ഹൈക്കമാന്‍ഡിനെയോ എ.ഐ.സി.സിയെയോ സമീപിക്കാം. ഉമ്മന്‍ചാണ്ടി ഒരു മുതിര്‍ന്ന് നേതാവാണ് അദ്ദേഹം കോണ്‍ഗ്രസിനെ നയിക്കാനായി മുന്നില്‍ തന്നെയുണ്ടാകും. അതേസമയം രമേശ് ചെന്നിത്തല ചെറുപ്പവും ഊര്‍ജസ്വലനുമാണ് അദ്ദേഹവും മുന്നില്‍ തന്നെയുണ്ടാകും. മുല്ലപ്പള്ളി രാമചന്ദ്രന്‍ വളരെ നല്ല സംഘടനാ നേതാവാണ്. അവരെല്ലാവരും ചേര്‍ന്ന് കോണ്‍ഗ്രസിനെ നയിക്കണം. എന്തെങ്കിലും വിടവുകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കണം.'- താരിഖ് അന്‍വര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.  

കൂട്ടായ നേതൃത്വം വേണമെന്ന ആവശ്യമാണ് ഹൈക്കമാന്‍ഡിന് മുന്നില്‍ വെച്ചിരിക്കുന്നതെന്നാണ് താരിഖ് അന്‍വര്‍ വ്യക്തമാക്കിയിരിക്കുന്നത്. പ്രചാരണസമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെയാണോ തീരുമാനിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ഇതുസംബന്ധിച്ച്  കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 4-5 തീയതികളില്‍ കേരളത്തില്‍ താരിഖ് അന്‍വര്‍ എത്തുന്നുണ്ട്. അന്ന് മുതിര്‍ന്ന നേതാക്കളുമായി വീണ്ടും ചര്‍ച്ച നടത്തും. കേരളത്തിലെ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരാള്‍ നയിക്കുന്നതിന് പകരം കൂട്ടായി നയിക്കണം എന്നാണ് തീരുമാനം. 

താരിഖ് അന്‍വര്‍ കേരളത്തില്‍ സന്ദര്‍ശനം നടത്തിയ സമയത്ത് കോണ്‍ഗ്രസ് നേതാക്കളും യുഡിഎഫ് ഘടകക്ഷി നേതാക്കളും ഉമ്മന്‍ചാണ്ടിയെ സജീവമായി കൊണ്ടുവരണമെന്ന ആവശ്യം മുന്നോട്ടുവെച്ചിരുന്നു. 

Content Highlights: Tariq Anwar urges leaders to lead Congress in assembly polls