ന്യൂഡൽഹി: കേരളത്തിൽ ഇത് വരെ പ്രഖ്യാപിച്ച സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ആരെയും പിൻവലിക്കില്ല എന്ന് കേരളത്തിന്റെ ചുമതയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി താരിഖ് അൻവർ. സ്ഥാനാർഥി നിർണയത്തിൽ കെ സുധാകരൻ ഉൾപ്പടെ എല്ലാ മുതിർന്ന നേതാക്കളും ആയി ചർച്ച നടത്തിയിട്ടുണ്ട് എന്നും മാതൃഭൂമി ന്യൂസിനോട് താരിഖ് അൻവർ വ്യക്തമാക്കി. 

ഇരിക്കൂർ ഉൾപ്പടെ ചില മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ സംബന്ധിച്ച ഉണ്ടായ തർക്കങ്ങൾ പരിഹരിക്കുന്നതിന് ഉളള ശ്രമം നടത്തി വരിക ആണ്. എന്നാൽ സ്ഥാനാർഥികളെ പിൻവലിക്കില്ല. സ്ക്രീനിങ് കമ്മിറ്റിയും, തെരെഞ്ഞെടുപ്പ് സമിതിയും യോഗം ചേർന്ന് ആണ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. അത് പിൻവലിക്കാറില്ല എന്നും താരിഖ് അൻവർ വ്യക്തമാക്കി.

സ്ഥാനാർഥി നിർണയവും ആയി ബന്ധപ്പെട്ട് ചർച്ച നടത്തിയിട്ടില്ല എന്ന കെ സുധാകരന്റെ ആരോപണം തെറ്റാണ്. സുധാകരനും ആയി താൻ വ്യക്തിപരമായി സംസാരിച്ചിരുന്നു. ഇതിന് പുറമെ സ്ക്രീനിങ് കമ്മിറ്റിയും സുധാകരന്റെ നിലപാട് കേട്ടിരുന്നു എന്നും താരിഖ് അൻവർ പറഞ്ഞു. 

വിവിധ സ്ഥലങ്ങളിൽ ഉണ്ടായ പ്രതിഷേധങ്ങൾ താത്കാലികം ആണ്. അടുത്ത ഒന്നോ രണ്ടോ ദിവസത്തിന് ഉള്ളിൽ പ്രതിഷേധങ്ങൾ കെട്ടടങ്ങും. തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച  ലതിക സുഭാഷിന്റെ നടപടി അച്ചടക്ക ലംഘനം ആണ്. പട്ടികയിൽ സ്ത്രീ പ്രാതിനിധ്യം കുറവാണ് എന്ന അഭിപ്രായം തനിക്കും ഉണ്ടെന്നും താരിഖ് അൻവർ വ്യക്തമാക്കി.

കേരളത്തിൽ യു ഡി എഫ് സർക്കാർ രൂപീകരിക്കും. എന്നാൽ മുന്നണിക്കും, കോൺഗ്രസിനും എത്ര സീറ്റുകൾ കിട്ടും എന്ന് ഇപ്പോള പറയാൻ കഴിയില്ല എന്നും താരീഖ് അൻവർ പറഞ്ഞു.

Content Highlights: Tariq Anwar against K sudhakaran