ചെന്നൈ: തമിഴ്നാട്ടില്‍ തിയേറ്ററുകളിലെ മുഴുവന്‍ സീറ്റിലും പ്രേക്ഷകരെ പ്രവേശിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് തീരുമാനം. 50 ശതമാനം സീറ്റില്‍ ആളെ ഇരുത്തി സിനിമകള്‍ പ്രദര്‍ശിപ്പിക്കാം.

വലിയ പ്രതിഷേധം ഉയര്‍ന്നതിന് പുറമെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും മദ്രാസ് ഹൈക്കോടതിയുടേയും ഇടപെടലുണ്ടായതാണ് തീരുമാനത്തില്‍ നിന്ന് തമിഴ്നാട് സര്‍ക്കാര്‍ പിന്നാക്കം പോകാനുള്ള കാരണം.

കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിയേറ്ററുകളിലെ 100 ശതമാനം സീറ്റിലും ആളുകളെ അനുവദിക്കരുതെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. എല്ലാ വശവും പരിഗണിച്ച് ഉചിതമായ തീരുമാനം എടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. തുടര്‍ന്നാണ് തിയേറ്ററുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയത്.

ഇത് പ്രകാരം 100 ശതമാനം സീറ്റിലും പ്രേക്ഷകരെ അനുവദിച്ച തീരുമാനം റദ്ദായി. തിയേറ്ററുകളിലെ പകുതി സീറ്റില്‍ ആളുകളെ ഇരുത്തി സിനിമ പ്രദര്‍ശിപ്പിക്കാം. തിയേറ്ററുകള്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കും ഉണ്ടാകുന്ന നഷ്ടം നികത്താനായി കൂടുതല്‍ ഷോകള്‍ നടത്താം എന്ന നിര്‍ദ്ദേശവും സര്‍ക്കാരിന്റെ പുതിയ ഉത്തരവിലുണ്ട്.

പൊങ്കല്‍ റിലീസായി വിജയുടെ മാസ്റ്റര്‍, ചിലമ്പരശന്റെ ഈശ്വരന്‍ തുടങ്ങിയ സിനിമകള്‍ തിയേറ്ററുകളിലെത്താനിരിക്കെയായിരുന്നു തമിഴ്നാട് സര്‍ക്കാരിന്റെ വിവാദ തീരുമാനം.

content highlights: tamilnadu withdraws order allowing 100% occupancy in theatres